
ന്യൂഡൽഹി: സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയും ഇൻഫോസിസ് ഫൗണ്ടേഷൻ സ്ഥാപകയുമായ സുധ മൂർത്തിയെ രാഷ്‌ട്രപതി ദ്രൗപദി മുർമു രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്‌തു. അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ സമൂഹമാദ്ധ്യമമായ എക്‌സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിവരം അറിയിച്ചത്.
സുധാമൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിൽ സന്തോഷമുണ്ട്. സാമൂഹിക പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലുള്ള അവരുടെ സംഭാവനകൾ വിശാലവും പ്രചോദനാത്മകവുമാണ്. സഭയിലെ അവരുടെ സാന്നിദ്ധ്യം സ്ത്രീശക്തിയുടെയും കഴിവിന്റെയും സാക്ഷ്യപത്രമാകുമെന്നും പ്രധാനമന്ത്രി കുറിച്ചു.
കർണാടക ഹവേരി ജില്ലയിലെ ഷിഗ്ഗോൺ സ്വദേശിയാണ്. 2006ൽ പത്മശ്രീ, 2023ൽ പത്മഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചു. ഇംഗ്ലീഷിലും കന്നഡയിലും നിരവധി പുസ്‌തകങ്ങൾ രചിച്ചു. കർണാടകയിൽ 60,000 ലധികം ലൈബ്രറികൾ സ്ഥാപിച്ചു. 1996ൽ തുടങ്ങിയ ഇൻഫോസിസ് ഫൗണ്ടേഷനിലൂടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്‌തു. ഇൻഫോസിസ് സ്ഥാപകനായ നാരായണ മൂർത്തിയുടെ ഭാര്യയാണ്. മകൾ അക്ഷതയുടെ ഭർത്താവാണ് യു.കെ പ്രധാനമന്ത്രി ഋഷി സുനക്.