
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 405 സീറ്റ് നേടാൻ പഴയ കക്ഷികളെ എൻ.ഡി.എയിൽ തിരികെ കൊണ്ടുവരാൻ ബി.ജെ.പി നീക്കം. ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുമായി ഏതാണ്ട് ധാരണയായി. ഒഡീഷയിൽ നവീൻ പട്‌നായിക്കിന്റെ ബി.ജെ.ഡിയുമായും ചർച്ച.
ബി.ജെ.ഡി-ബി.ജെ.പി ഭായ് ഭായ്
ബി.ജെ.ഡി പ്രതിപക്ഷത്താണെങ്കിലും ലോക്‌സഭയിൽ ബില്ലുകൾ പാസാക്കുന്നതിലടക്കം ബി.ജെ.പിയെ സഹായിച്ചിട്ടുണ്ട്. ഒഡീഷയിലെ 21 ലോക്‌സഭാ സീറ്റിൽ ഭരണകക്ഷിയായ ബി.ജെ.ഡിയെ ബി.ജെ.പി എതിർത്തിരുന്നില്ല. കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനെ ബി.ജെ.ഡി പിന്തുണച്ചിരുന്നു. സഖ്യം പുനഃസ്ഥാപിക്കാൻ മോദിയും നവീൻ പട്‌നായിക്കുമായുള്ള സൗഹൃദവും സഹായമായേക്കും.
ബി.ജെ.ഡി 1998-ൽ എൻ.ഡി.എയിൽ എത്തിയതോടെ 1999 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്നണി 19 സീറ്റ് നേടി. (ബി.ജെ.ഡി 10, ബി.ജെ.പി 9). വാജ്‌പേയി മന്ത്രിസഭയിൽ നവീൻ പട്‌നായിക്ക് ഖനി മന്ത്രിയായി. 2000-ൽ ബി.ജെ.ഡിയെ ആദ്യമായി സംസ്ഥാനത്ത് ഭരണത്തിലേറാൻ സഹായിച്ചതും ബി.ജെ.പിയാണ്. 2004 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റാണ് സഖ്യത്തിന് ലഭിച്ചത് (ബി.ജെ.ഡി 11, ബി.ജെ.പി 7)
2008ൽ ഒഡിഷയിലെ വി.എച്ച്.പി നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സഖ്യത്തിൽ വിള്ളലുണ്ടായി. 2009 തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബി.ജെ.ഡി സഖ്യം വിട്ടു. അത്തവണ ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ചില്ല. ബി.ജെ.ഡി 14 സീറ്റിൽ ജയിച്ചു. 2019ൽ സീറ്റ്: ബി.ജെ.ഡി 12, ബി.ജെ.പി 8.
സഖ്യം അവസാനിച്ചപ്പോൾ കോൺഗ്രസ് മുന്നേറിയതും പരിഗണിച്ചാണ് വീണ്ടും ഒന്നിക്കാൻ ബി.ജെ.പി കരുനീക്കുന്നത്.
ആന്ധ്രയിൽ ടി.ഡി.പിയുമായി ചർച്ച
ആന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസ് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ, വേരുറപ്പിക്കാൻ പാടുപെടുന്ന ബി.ജെ.പിക്കും നിലനിൽപ്പിനായി പോരാടുന്ന ടി.ഡി.പിക്കും ഒന്നിക്കാൻ അനുകൂല സാഹചര്യം. വാജ്‌പേയിയുടെ കാലം മുതൽ എൻ.ഡി.എയിലുള്ള ടി.ഡി.പി 2014-ൽ ആദ്യ മോദി സർക്കാരിന്റെ ഭാഗമായിരുന്നു. ആന്ധ്രയ്‌ക്ക് പ്രത്യേക പദവി നൽകാത്തതിനെ ചൊല്ലി 2018ൽ എൻ.ഡി.എ വിട്ടു. 2019ൽ ഭരണം പോയതു മുതൽ ടി.ഡി.പി എൻ.ഡി.എയിൽ തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട്.
ബി. ജെ. പിയുടെ മറ്റ് സഖ്യങ്ങൾ:
ബീഹാറിൽ ഇടയ്‌ക്കിടെ വന്നു പോകുന്ന ജെ.ഡി.യുവിനെ മുന്നണിയിലെത്തിച്ചു. മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെയുടെ ശിവസേനയെ പിളർത്തി ഷിൻഡെ പക്ഷത്തെ കൊണ്ടുവന്നു. എൻ.സി.പിയിലെ വിമത പക്ഷം അജിത് പവാറും മുന്നണിയിലുണ്ട്.
കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമിയുടെ ജെ.ഡി.എസ് എൻ.ഡി.എയിലാണ്. ഉത്തർപ്രദേശിൽ ജയന്ത് ചൗധരിയുടെ ആർ.എൽ.ഡി ബി.ജെ.പിക്കൊപ്പമാണ്. പഞ്ചാബിൽ മുൻ സഖ്യകക്ഷി ശിരോമണി അകാലിദളിനെ കൂട്ടാനും നീക്കമുണ്ട്. തമിഴ്നാട്ടിൽ തമിഴ് മാനില കോൺഗ്രസ് (മൂപ്പനാർ) മുന്നണിയിലെത്തി. മുന്നണി വിട്ട അണ്ണാ ഡി.എം.കെയിലെ പനീർശെൽവം വിഭാഗവുമായി ചർച്ച നടക്കുന്നുണ്ട്.