congress

ന്യൂഡൽഹി : കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടികയിലെ ഭൂരിഭാഗം സീറ്രുകളും ദക്ഷിണേന്ത്യയിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്. ഇത് ബോധപൂർവ്വമാണെന്നാണ് നേതാക്കൾ നൽകുന്ന സൂചന. കർണാടകയിലും തെലങ്കാനയിലും കോൺഗ്രസാണ് ഭരിക്കുന്നത്. കേരളത്തിൽ ശക്തമായ സാന്നിദ്ധ്യവും. ഇന്നലെ പ്രഖ്യാപിച്ച 39ൽ 16 സീറ്റും കേരളത്തിലേതാണ്. 'ഇന്ത്യ' മുന്നണിയിലെ പാർട്ടികളുമായി വിവിധ സംസ്ഥാനങ്ങളിൽ സീറ്റുവിഭജന ചർച്ചകൾ നീളുന്നത് അവിടുത്തെ സ്ഥാനാർത്ഥി പ്രഖ്യാപനത്തെ അനിശ്ചിതത്വത്തിലാക്കിയ സാഹചര്യവുമുണ്ട്. അതേസമയം ആദ്യപട്ടികയിൽ മുതിർന്നവർക്കും, യുവാക്കൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. സംവരണവും പരിഗണിച്ചു. കെ.സി. വേണുഗോപാലിന്റെ ഓഫീസിൽ എ.ഐ.സി.സി സെക്രട്ടറിയായി പ്രവർത്തിക്കുന്ന ചല്ല വംശി ചാന്ദ് റെഡ്ഡി തെലങ്കാനയിലെ മെഹ്ബൂബ് നഗറിൽ നിന്ന് മത്സരിക്കും. തെലങ്കാനയിലെ മുതിർന്ന നേതാവ് കെ. ജന റെഡ്ഡിയുടെ മകൻ കെ. രഘുവീർ കുണ്ടുറു നൽഗോണ്ടയിലാണ് മത്സരിക്കുന്നത്.

30 ലക്ഷം തൊഴിൽ

ഗ്യാരന്റി

അധികാരത്തിലെത്തിയാൽ 30 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന്, ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കവെ കോൺഗ്രസ് വ്യക്തമാക്കി. രാജസ്ഥാനിലെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുൽ ഗാന്ധി യുവാക്കൾക്കും കർഷകർക്കും അടക്കം വാഗ്ദാനം ചെയ്ത കാര്യങ്ങൾ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ കെ.സി. വേണുഗോപാൽ ആവർത്തിച്ചു. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കും, ജാതി സെൻസസ് നടത്തും, പൊതു പരീക്ഷകളുടെ വിശ്വാസ്യതത വീണ്ടെടുക്കും തുടങ്ങിയവയും വാഗ്ദാനം ചെയ്തു.