anrda-pradhesh

ന്യൂഡൽഹി: രണ്ട് ദിവസത്തെ ചർച്ചകൾക്കൊടുവിൽ ആന്ധ്രാപ്രദേശിൽ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് തെലുങ്ക് ദേശം പാർട്ടിയ്ക്കും ബി.ജെ.പിക്കും അന്തിമ രൂപമായി. ഡൽഹിയിൽ കേന്ദ്ര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ടി.ഡി.പി അദ്ധ്യക്ഷൻ എൻ.ചന്ദ്രബാബു നായിഡു, ജനസേന അദ്ധ്യക്ഷൻ പവൻ കല്യാൺ എന്നിവർ നടത്തിയ ചർച്ചയിലാണ് ധാരണ. ‌ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

 ധാരണ ഇങ്ങനെ

175 അംഗ നിയമസഭ: ടി.ഡി.പി 145, ജനസേന 24, ബി.ജെ.പി 6

ലോക്‌സഭ(25): ടി.ഡി.പി 17, ബി.ജെ.പി 5, ജനസേന 3

ബി.ജെ.പി 25 നിയമസഭാ സീറ്റും 10 ലോക്‌സഭാ സീറ്റുമാണ് ആവശ്യപ്പെട്ടതെങ്കിലും തിരഞ്ഞെടുപ്പിൽ അത് തിരിച്ചടിക്കുമെന്ന് നായിഡു ഡൽഹി ചർച്ചയിൽ ഷായെ ധരിപ്പിക്കുകയുണ്ടായി. മണ്ഡല തലത്തിൽ പാർട്ടി തിരിച്ചുള്ള മേധാവിത്വം വിലയിരുത്തിയ ബി.ജെ.പി ഇന്നലെ ചേർന്ന യോഗത്തിൽ ടി.ഡി.പിക്ക് വഴങ്ങുകയായിരുന്നു. ഏതൊക്കെ മണ്ഡലങ്ങളിലാണ് മത്സരിക്കേണ്ടത് എന്ന കാര്യത്തിൽ തീരുമാനമായ ശേഷം പ്രഖ്യാപനമുണ്ടാകും. ഇതോടെ 2018ൽ എൻ.ഡി.എ ബന്ധം വിച്ഛേദിച്ച ടി.ഡി.പിയുടെ തിരിച്ചു വരവിനും വഴിയൊരുങ്ങുന്നുണ്ട്. സഖ്യ ധാരണ സ്ഥിരീകരിച്ച ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശിൽ നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൂത്തുവാരുമെന്ന് പറഞ്ഞു. ബി.ജെ.പിയും ടി.ഡി.പിയും ഒരുമിക്കുന്നത് വിജയമാണ്. നശിപ്പിക്കപ്പെട്ട ആന്ധ്രാപ്രദേശിനെ തിരിച്ചു കൊണ്ടുവരലാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.