അഭിപ്രായഭിന്നതയെന്ന് സൂചന
ന്യൂഡൽഹി: രാജ്യം പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാത്തിരിക്കേ, തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചു. കേന്ദ്രസർക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഗോയലിനെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. രാഷ്‌ട്രപതി ദ്രൗപദി മുർമു രാജി സ്വീകരിച്ചതായി നിയമമന്ത്രാലയം അറിയിച്ചു.
അരുൺ ഗോയലിന് 2027 വരെ കാലാവധിയുണ്ടായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ്കുമാർ 2025ൽ വിരമിക്കുമ്പോൾ ആ പദവിയിൽ എത്തേണ്ടതായിരുന്നു.
ഗോയലിന്റെ രാജിയോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ മാത്രമാണ് അവശേഷിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷണർ ആയിരുന്ന അനൂപ് ചന്ദ്ര പാണ്ഡെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വിരമിച്ചതിനെ തുടർന്ന് മൂന്നംഗ കമ്മിഷനിൽ ഒരൊഴിവ് നിലവിലുണ്ടായിരുന്നു. രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ ഒന്നിച്ച് നിയമിക്കേണ്ട സാഹചര്യമാണ്.തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് അതുണ്ടായേക്കും.
ആരോഗ്യം അടക്കം വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമായി ഗോയൽ ചൂണ്ടിക്കാട്ടിയതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. അടുത്തയാഴ്‌ച ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നതിനിടെ രാജി വയ്‌ക്കുന്നത് ഒഴിവാക്കാൻ ഉന്നത തലത്തിൽ സമ്മർദ്ദമുണ്ടായെങ്കിലും ഗോയൽ വഴങ്ങിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രസർക്കാരുമായി അദ്ദേഹത്തിന് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നതായി കേൾക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിനെതിരെ പ്രയോഗിക്കാൻ പ്രതിപക്ഷത്തിന് അവിചാരിതമായി ലഭിച്ച ആയുധമായി രാജി.
നിയമനത്തിലും
വിവാദം
1985 ബാച്ച് പഞ്ചാബ് ഐ.എ.എസ് കേഡർ ഉദ്യോഗസ്ഥനായ അരുൺ ഗോയൽ 2022 നവംബർ 18ന് സ്വയം വിരമിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കപ്പെടുന്നത്. നിയമനത്തെ സന്നദ്ധ സംഘടന എ.ഡി.ആർ സുപ്രീംകോടതിയിൽ ചോദ്യം ചെയ്‌തിരുന്നു. തിടുക്കത്തിലുള്ള നിയമനത്തിൽ സംശയം പ്രകടിപ്പിച്ചെങ്കിലും സുപ്രീംകോടതി രണ്ടംഗ ബെഞ്ച് ഹർജി തള്ളി. വിഷയം പരിഗണിച്ച ഭരണഘടനാ ബെഞ്ചും നിയമനം റദ്ദാക്കാൻ വിസമ്മതിച്ചു.