supremecourt

ന്യൂഡൽഹി : കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ തേടി നിലമ്പൂർ എം.എൽ.എയായ പി.വി.അൻവർ ഹർജി സമർപ്പിച്ചു. മനുഷ്യ - വന്യജീവി സംഘർഷം കുറയ്ക്കാൻ ഉതകുന്ന ദേശീയ നയവും കർമ്മപദ്ധതിയും തയ്യാറാക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ഇതിനായി റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജി അദ്ധ്യക്ഷനായി ഉന്നതതല വിദഗ്ദ്ധ സമിതി രൂപീകരിക്കണം. ഇരയാകുന്നവർക്ക് യഥാസമയം നഷ്ടപരിഹാരം ലഭ്യമാക്കാൻ ദേശീയ കോർപസ് ഫണ്ട് രൂപീകരിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണം. വനമേഖലയ്ക്ക് സമീപം താമസിക്കുന്നവർക്കും കാർഷിക വിളകൾക്കും സമഗ്ര ഇൻഷ്വറൻസ് ഏർപ്പെടുത്തണമെന്നും അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേന സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ അടുത്തിടെ പത്തിലേറെപേരാണ് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. 2016നും 2023നും ഇടയിൽ 909 പേരാണ് മരിച്ചത്.