h

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ സർക്കാരിനെ പോലെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കില്ലെന്നും ജനങ്ങൾക്ക് നൽകുന്ന ഉറപ്പുകൾ താൻ പാലിച്ചിരിക്കുമെന്നും മോദി ഇന്നലെ ഉത്തർപ്രദേശിലെ അസംഗഡിൽ പറഞ്ഞു. രാജ്യത്തെ 15 വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട 9,800 കോടിയുടെ പദ്ധതികളുൾപ്പെടെ 42000 കോടിയുടെ വികസന പദ്ധതികൾ മോദി അവതരിപ്പിച്ചു.

മുൻ സർക്കാരുകൾ 30 - 35 വർഷം മുമ്പ് നടത്തിയ പ്രഖ്യാപനങ്ങൾ പോലും പാലിക്കപ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പിന് മുമ്പ് അവർ ഒരു ഫലകം സ്ഥാപിക്കും. പിന്നീട് ഫലകവും നേതാക്കളും അപ്രത്യക്ഷമാകും. എന്നാൽ, മോദി വ്യത്യസ്തനാണ്. 2019ൽ തങ്ങൾ സ്ഥാപിച്ച തറക്കല്ലുകൾ തിരഞ്ഞെടുപ്പിന് വേണ്ടിയായിരുന്നില്ലെന്നും അവ തങ്ങൾ ഉദ്ഘാടനം ചെയ്തെന്ന് നിങ്ങൾക്ക് കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2047ൽ വികസിത ഭാരതമെന്ന വാഗ്ദാനം പൂർത്തിയാക്കാൻ മുഴുവൻ വേഗതയിലും താൻ രാജ്യത്തെ ചലിപ്പിക്കുകയാണെന്ന് മോദി പറഞ്ഞു. രാജ്യത്തെ പിന്നാക്ക മേഖലകളിൽ ഒന്നായി കണക്കുകൂട്ടിയിരുന്ന അസംഗഡ് ഇപ്പോൾ വികസനത്തിന്റെ പുതിയ അദ്ധ്യായം രചിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

 കുതിച്ച് വ്യോമയാന മേഖല

രാജ്യത്തെ 12 വിമാനത്താവളങ്ങളിലെ വികസിപ്പിച്ച ടെർമിനലുകൾ മോദി ചടങ്ങിൽ വെർച്വലായി തുറന്നു കൊടുത്തു. 3 പുതിയ ടെർമിനൽ നിർമ്മാണത്തിനും തുടക്കമിട്ടു.

 ഉദ്ഘാടനം ചെയ്ത ടെർമിനലുകൾ

പൂനെ, കോലാപ്പൂർ, ഗ്വാളിയാർ. ജബൽപ്പൂർ, ഡൽഹി, ലക്നൗ, അലിഗഡ്, അസംഗഡ്, ചിത്രകൂട്, മൊറാബാദ്, ശ്രാവസ്തി, ആദംപ്പൂർ

 തറക്കല്ലിട്ട ടെർമിനലുകൾ

ബെലഗാവി, ഹുബ്ബല്ലി, കടപ്പ

 ഒറ്റദിനം ഇത്രയധികം വിമാനത്താവളവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് തുടക്കമിടുന്നത് ചരിത്രത്തിൽ ആദ്യം - ജോതിരാദിത്യ സിന്ധ്യ, വ്യോമയാന മന്ത്രി

 തുടക്കമിട്ട മറ്റ് പദ്ധതികൾ

 ഗ്വാളിയാറിലും ജബൽപ്പൂരിലും 950 കോടിയുടെ വ്യോമയാന സൗകര്യങ്ങൾ

 ലക്നൗവിലും റാഞ്ചിയിലും 2,000ത്തിലേറെ ഫ്ലാറ്റുകൾ നിർമ്മിച്ച് ലൈറ്റ് ഹൗസ് പദ്ധതി

 യു.പിയിൽ 11,500 കോടിയുടെ റോഡ് വികസന പദ്ധതി

 8200 കോടിയുടെ വിവിധ റെയിൽ പദ്ധതി

 പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് കീഴിൽ 3700 കോടിയുടെ 744 ഗ്രാമീണ റോഡ് വികസന പദ്ധതി

 പ്രയാഗ്‌രാജ്, ജൗൻപ്പൂർ, ഇ​റ്റാവ എന്നിവിടങ്ങളിൽ മാലിന്യ സംസ്‌കരണ പ്ലാന്റുകളും അനുബന്ധ പദ്ധതികളും