
ന്യൂഡൽഹി : ഹരിയാനയിലെ ബി.ജെ.പി നേതാവും എം.പിയുമായ ബ്രിജേന്ദ്ര സിംഗ് കോൺഗ്രസിൽ ചേർന്നു. ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. സിറ്റിംഗ് മണ്ഡലമായ ഹിസാറിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചേക്കും. ആശയപരമായ ഭിന്നതയാണ് പാർട്ടി വിടാൻ കാരണമെന്ന് ബ്രിജേന്ദ്ര സിംഗ് പ്രതികരിച്ചു.കർഷകരുടെ പ്രശ്നങ്ങൾ, അഗ്നിവീർ പദ്ധതി, ഗുസ്തി താരങ്ങളുടെ സമരം തുടങ്ങിയ വിഷയങ്ങളിൽ വിയോജിപ്പുണ്ടായിരുന്നു. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ ജൻനായക് ജനതാ പാർട്ടിയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി നേതൃത്വത്തിന് അന്ത്യശാസനവും നൽകിയിരുന്നു. ബ്രിജേന്ദ്ര സിംഗിന്റെ അച്ഛൻ മുൻ കേന്ദ്രമന്ത്രി ബീരേന്ദർ സിംഗും ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നേക്കും. ഇതിനിടെ, രാജസ്ഥാനിലെ ചുരു മണ്ഡലത്തിൽ സീറ്റ് നിഷേധിക്കപ്പെട്ട ബി.ജെ.പി എം.പി രാഹുൽ കസ്‌വാൻ ഇന്ന് കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഹിമാചൽ പ്രദേശ് സർക്കാരിലെ വിമതനീക്കങ്ങൾ കോൺഗ്രസിന് തലവേദന സൃഷ്ടിച്ചിരിക്കെ, സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനത്തിന് ആറംഗസമിതി രൂപീകരിച്ച് ഹൈക്കമാൻഡ്. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു, പാർട്ടി സംസ്ഥാന അദ്ധ്യക്ഷ പ്രതിഭ സിംഗ് എന്നിവർ സമിതിയിലുണ്ട്. ആറ് കോൺഗ്രസ് വിമത എം.എൽ.എമാർ അടക്കം 11 പേർ ശനിയാഴ്ച്ച ഉത്തരാഖണ്ഡിലെത്തിയിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് നടത്തിയ വിമതരെ അയോഗ്യരാക്കിയിരുന്നു. ഇതിനെതിരെ വിമതർ സമർപ്പിച്ച ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും.