
ന്യൂഡൽഹി : പശ്ചിമബംഗാളിൽ ബി.ജെ.പിയെയും, 'ഇന്ത്യ"സഖ്യത്തിലെ കോൺഗ്രസിനെയും സി.പി.എമ്മിനെയും എതിർപക്ഷത്ത് നിറുത്തി 42 ലോക്സഭാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ഇന്നലെ ജന ഗർജ്ജൻ സഭാ മഹാറാലിയിൽ പതിനായിരക്കണക്കിന് പ്രവർത്തകരെ സാക്ഷിനിറുത്തി തൃണമൂൽ അദ്ധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ, തൃണമൂലിന്റെ പ്രചാരണത്തിന് തുടക്കമായി.
ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കും. അസാമിലും മേഘാലയയിലും പോരാടും. ഉത്തർപ്രദേശിൽ ഒരു സീറ്റിൽ മത്സരിക്കാൻ സമാജ് വാദി അദ്ധ്യക്ഷൻ അഖിലേഷ് യാദവുമായി ചർച്ച തുടരുകയാണെന്നും മമത വ്യക്തമാക്കി. ബംഗാളിലെത്തി പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതല്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫണ്ട് നൽകുന്നില്ല. ഇതാണ് മോദിയുടെ ഗ്യാരന്റിയെന്നും കുറ്റപ്പെടുത്തി.
ദീദിയോ, മോദിയോ ?
മോദിയുടെ ഗ്യാരന്റിക്ക് സീറോ വാറന്റിയാണെന്ന് മമതയുടെ അനന്തരവനും, പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജി പറഞ്ഞു. ബംഗാൾവിരുദ്ധരും പുറത്തുനിന്നുള്ളവരുമാണ് ബി.ജെ.പി നേതാക്കൾ. സംസ്ഥാനത്തിനുള്ള ഫണ്ട് തടയുന്ന ബി.ജെ.പിക്ക് ജനം മറുപടി നൽകുമെന്നും വ്യക്തമാക്കി.
പട്ടികയിൽ യൂസഫ് പഠാനും
ക്രിക്കറ്ര് താരം യൂസഫ് പഠാൻ ബെർഹാംപോറയിൽ മത്സരിക്കും. കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ സിറ്റിംഗ് മണ്ഡലമാണിത്. അഭിഷേക് ബാനർജിയെ ഡയമണ്ട് ഹാർബറിലും, മഹുവ മൊയിത്രയെ കൃഷ്ണനഗറിലും, ശത്രുഘൻ സിൻഹയെ അസൻസോളിലും നിലനിറുത്തി. മമത സർക്കാരിനെ പ്രതിരോധത്തിലാക്കിയ സന്ദേശ്ഖാലി വിവാദത്തിന്റെ പശ്ചാത്തലത്തിൽ ബാസിർഹട്ടിലെ എം.പി നുസ്രത് ജഹാന് സീറ്റ് നൽകിയില്ല. സന്ദേശ്ഖാലി ഉൾപ്പെട്ട മണ്ഡലമാണ് ബാസിർഹട്ട്. നുസ്രത് ജഹാന് പകരം നൂറുൽ ഇസ്ലാം പോരാട്ടത്തിനിറങ്ങും. മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദ് ദുർഗാപൂരിൽ മത്സരിക്കും.
കോൺഗ്രസിന് അതൃപ്തി
യൂസഫ് പഠാനും കളത്തിൽ
സമവായത്തിലൂടെ സീറ്റുവിഭജനത്തിനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. 'ഇന്ത്യ' മുന്നണി ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
രാമനവമിക്ക് അവധി
രാമനവമി ദിനമായ ഏപ്രിൽ 17ന് ബംഗാളിൽ പൊതു അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിൽ ഹിന്ദുവിരുദ്ധ പാർട്ടിയെന്ന പേരുദോഷം മാറ്രാനാണ് നീക്കമെന്ന് ബി.ജെ.പി ആരോപിച്ചു.