
ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ആസന്നമായിരിക്കെ, തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജി സൃഷ്‌ടിച്ച പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാരിന്റെ ധൃതിപിടിച്ച നീക്കങ്ങൾ. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് രണ്ട് ഒഴിവുകൾ അടിയന്തരമായി നികത്താൻ 13നോ 14നോ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ സെലക്ഷൻ കമ്മിറ്റി ചേർന്നേക്കും. പുതിയ കമ്മിഷണർമാരെ 15ന് രാഷ്ട്രപതി നിയമിക്കുംവിധം നടപടികൾ പൂർത്തിയാക്കിയേക്കും.
മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഇപ്പോൾ മുഖ്യ കമ്മിഷണർ രാജീവ് കുമാർ മാത്രമാണുള്ളത്. കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരി 14ന് വിരമിച്ചിരുന്നു.
തിരഞ്ഞെടുപ്പു കമ്മിഷണർമാരുടെ നിയമനത്തിനുള്ള മൂന്നംഗ സമിതിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ
ഉൾപ്പെടുത്തിയ നിയമ ഭേദഗതിപ്രകാരം പുതിയ കമ്മിഷണർമാരായി
കേന്ദ്രസർക്കാരിന് ഇഷ്ടമുള്ളവരെ നിയമിക്കാനുള്ള സുവർണാവസരമാണിത്. പ്രധാനമന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവും പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന കേന്ദ്രമന്ത്രിയും അടങ്ങുന്നതാണ് സെലക്ഷൻ കമ്മിറ്റി. പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും നിലപാടിന് മുൻതൂക്കം കിട്ടും.
ജൂൺ 16 വരെയാണ് ലോക്‌സഭയുടെ കാലാവധി. വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നു. ഗോയലിന്റെ രാജി നടപടികൾ തകിടം മറിച്ചെന്നാണ് സൂചന. മുഖ്യ കമ്മിഷണർക്ക് ഇലക്ഷൻ പ്രഖ്യാപിക്കാൻ തടസമില്ലെങ്കിലും രണ്ട് കമ്മിഷണർമാരുടെ ഒഴിവുകൾ നികത്തി എല്ലാം ഭദ്രമെന്ന് വരുത്താനാണ് കേന്ദ്രത്തിന്റെ ശ്രമം.
അഞ്ചുപേർ വീതമുള്ള
പാനലിൽ നിന്ന് നിയമനം
1. സമിതിയിലെ കേന്ദ്രമന്ത്രിയെ നിശ്ചയിക്കണം
2. രണ്ട് ഒഴിവുകളിലേക്കും അഞ്ചു പേർ വീതമുള്ള പാനലുകൾ തയ്യാറാക്കണം
3.പാനൽ തയ്യാറാക്കേണ്ടത് കേന്ദ്ര നിയമമന്ത്രിയുടെ മൂന്നംഗ സെർച്ച് കമ്മിറ്റി
4.പാനലുകളിൽ നിന്ന് രണ്ടുപേരെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി തിരഞ്ഞെടുക്കണം
5.ഈ പേരുകൾ രാഷ്ട്രപതി അംഗീകരിച്ച് നിയമന ഉത്തരവിറക്കണം
രാജീവ് കുമാറുമായി ഭിന്നത
പശ്ചിമബംഗാളിലെ ഒരുക്കങ്ങൾ വിലയിരുത്താൻ കൊൽക്കത്തയിൽ എത്തിയ മുഖ്യ കമ്മിഷണർ രാജീവ് കുമാറും അരുൺ ഗോയലും ഉരസിയെന്നാണ് റിപ്പോർട്ട്. സന്ദർശനം വെട്ടിക്കുറച്ച്, ഗോയൽ ഡൽഹിക്ക് മടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസർക്കാരും വെള്ളിയാഴ്ച നടത്തിയ യോഗത്തിലും ഗോയൽ പങ്കെടുത്തില്ല. 12ന് കാശ്മീരിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ഗോയൽ പോകേണ്ടതായിരുന്നു.
തിര. ബോണ്ട് കേസ് ഇന്ന്
തിരഞ്ഞെടുപ്പ് ബോണ്ടിന്റെ വിവരങ്ങൾ ഇലക്ഷൻ കമ്മിഷന് സമർപ്പിക്കാനുള്ള സമയപരിധി നീട്ടണമെന്ന സ്റ്റേറ്റ് ബാങ്കിന്റെ അപേക്ഷയും ഇതിൽ സ്റ്റേറ്റ് ബാങ്കിനെതിരായ കോർട്ടലക്ഷ്യ ഹർജിയും ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ.