
ന്യൂഡൽഹി: സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് രാജസ്ഥാനിലെ ചുരു മണ്ഡലത്തിലെ സിറ്റിംഗ് എം.പി രാഹുൽ കസ്വാൻ ബി.ജെ.പിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സ്വാഗതം ചെയ്‌തു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ചുരുവിൽ തന്നെ മത്സരിക്കും. കോൺഗ്രസിൽ അംഗമാക്കിയതിന് ഖാർഗെ, സോണിയ , രാഹുൽ എന്നിവരോട് നന്ദിയുണ്ടെന്ന് രാഹുൽ കസ്വാൻ പറഞ്ഞു. ബി.ജെ.പി പ്രാഥമിക അംഗത്വവും എം.പിസ്ഥാനവും രാജിവച്ചതായി അദ്ദേഹം ഇന്നലെ രാവിലെ പ്രഖ്യാപിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് കോൺഗ്രസ് പ്രവേശം.
കഴിഞ്ഞ ദിവസം ഹരിയാനയിലെ ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിംഗും കോൺഗ്രസിൽ ചേർന്നിരുന്നു.