
ന്യൂഡൽഹി : 105 കോടിയിൽപ്പരം രൂപയുടെ നികുതി കുടിശ്ശിക ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് കോൺഗ്രസ് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിൽ നിന്ന് നോട്ടീസിന് സ്റ്റേ ലഭിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് യശ്വന്ത് വർമ്മ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇന്ന് വാദം കേൾക്കുന്നത്. അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് കോൺഗ്രസിന്റെ അഭിഭാഷകൻ വിവേക് തൻഖ ഇന്നലെ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.