p

ന്യൂഡൽഹി : കുട്ടികളെ ഇരകളാക്കുന്ന അശ്ലീല വീഡിയോ കണ്ടത് പോക്സോ പ്രകാരം കുറ്റമല്ലെന്ന മദ്രാസ് ഹൈക്കോടതി നിലപാട് ക്രൂരമെന്ന് സുപ്രീംകോടതി. എങ്ങനെയാണ് സിംഗിൾ ബെഞ്ചിന് ഇങ്ങനെ പറയാൻ കഴിയുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കുട്ടികളുടെ അവകാശത്തിനായി പ്രവർത്തിക്കുന്ന 'ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലെയൻസ്' സംഘടനയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തിൽ തമിഴ്നാട് സർക്കാരിന്റെ അടക്കം നിലപാട് തേടി നോട്ടീസ് അയച്ചു. 28കാരനെതിരെയുള്ള പോക്സോ കേസ് റദ്ദാക്കി കൊണ്ടാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി എൻ. ആനന്ദ് വെങ്കടേഷ് വിവാദ നിലപാട് സ്വീകരിച്ചത്. പ്രതിക്കെതിരെ ചുമത്തിയിരുന്ന ഐ.ടി. നിയമത്തിലെ വകുപ്പുകളും ഒഴിവാക്കിയിരുന്നു. ജനുവരിയിലെ ഉത്തരവിന്റെ കൃത്യത പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.