
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജി തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തെ നീട്ടിയേക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ്‌കുമാറിന് ഒറ്റയ്‌ക്ക് പ്രഖ്യാപനം നടത്താമെങ്കിലും രണ്ട് കമ്മിഷണർമാരുടെ ഒഴിവു നികത്തിയശേഷം മതിയെന്നാണ് കേന്ദ്ര നിലപാടെന്ന് അറിയുന്നു. ഈയാഴ്ച ഒടുവിൽ തിയതി പ്രഖ്യാപനം പ്രതീക്ഷിച്ചതാണ്.
ഒരേസമയം രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കേണ്ട അപൂർവ സാഹചര്യമാണ് സർക്കാരിന് മുന്നിൽ. അത് എത്രയും വേഗം വേണും താനും. ഫെബ്രുവരിയിൽ വിരമിച്ച അനൂപ് ചന്ദ്രയുടെ പിൻഗാമിയെ കണ്ടെത്താൻ ഈയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സെലക്‌ഷൻ കമ്മിറ്റി ചേരാൻ തീരുമാനിച്ചിരുന്നു. ഗോയലും രാജിവച്ചതോടെ രണ്ടുപേരെ തിരഞ്ഞെടുക്കണം. കമ്മിഷണർമാരുടെ നിയമനം വിജ്ഞാപനം ചെയ്ത ശേഷമേ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് അറിയുന്നത്. അതിനാൽ സെലക്‌ഷൻ കമ്മിറ്റി ഇന്നോ നാളെയോ ചേർന്നേക്കും.
ആരാകും സീനിയർ?
2025ൽ വിരമിക്കുന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ്‌കുമാറിന്റെ പിൻഗാമിയെ നിശ്‌ചയിക്കുന്നതിലും ഒന്നിച്ചുള്ള നിയമനം പ്രശ്‌നമാകും. കമ്മിഷണർമാരിൽ സീനിയർ ആണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ആകുക. നിയമനം ഒന്നിച്ചായാൽ സീനിയോറിറ്റി പ്രശ്‌നമാകും. ഒരുപക്ഷേ നിയമന ഉത്തരവ് രണ്ടായി ഇറക്കിയോ, സർക്കാർ സർവീസിലെ സീനിയോറിറ്റി കണക്കിലെടുത്തോ പ്രശ്‌നം പരിഹരിച്ചേക്കും. കമ്മിഷണർമാർക്ക് ആറ് വർഷമോ 65 വയസ്സ് തികയുന്നത് വരെയോ തുടരാം. അതിനാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിൽ 2029ൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ തുടരാൻ സർവീസുമുള്ള വിശ്വസ്‌തനെയാകും നിയമിക്കുക.
തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കേണ്ട സെലക്‌ഷൻ കമ്മിറ്റിയിൽ പ്രധാനമന്ത്രിക്കും ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിക്കുമൊപ്പം ഒരു കേന്ദ്രമന്ത്രിയെക്കൂടി നിയമിക്കേണ്ടതുണ്ട്. കേന്ദ്ര നിയമമന്ത്രിയുടെ നേതൃത്വത്തിൽ മൂന്നംഗ സെർച്ച് കമ്മിറ്റി തയ്യാറാക്കുന്ന അഞ്ചു പേർ വീതമുള്ള പാനലിൽ നിന്നാകും സെലക്‌ഷൻ കമ്മിറ്റി രണ്ടുപേരെ കണ്ടെത്തുക.
നിയമനത്തിനെതിരെ
സുപ്രീംകോടതിയിൽ ഹർജി
പുതിയ നിയമം ഉപയോഗിച്ച് രണ്ട് തിരഞ്ഞെടുപ്പു കമ്മിഷണർമാരുടെ ഒഴിവുകൾ നികത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഡോ. ജയ താക്കൂർ സുപ്രീംകോടതിയെ സമീപിച്ചു. പുതിയ നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള താക്കൂറിന്റെ ഹർജി കോടതിയുടെ പരിഗണനയിലുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉൾക്കൊള്ളുന്ന സെലക്‌ഷൻ കമ്മിറ്റി നിയമിക്കണമെന്നാണ് ആവശ്യം.