
ന്യൂഡൽഹി : പൗരത്വ നിയമഭേദഗതി ചട്ടങ്ങൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം ഭരണഘടനാവിരുദ്ധമായതിനാൽ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീംകോടതിയെ സമീപിച്ചു. സ്റ്റേ അപേക്ഷ അടിയന്തരമായി പരിഗണിക്കാൻ രജിസ്ട്രാർക്ക് കത്തും നൽകി.ഡി.വൈ.എഫ്.ഐയും ഇതേആവശ്യം ഉന്നയിച്ച് ഹർജി നൽകി. രണ്ടു കൂട്ടരുടെയും അഭിഭാഷകർ അടിയന്തര ആവശ്യം കോടതിയിൽ പരാമർശിച്ചതിനെ തുടർന്ന് രജിസ്ട്രാർക്ക് കത്തുകൊടുക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.
അഭയാർത്ഥികളായി രാജ്യത്ത് എത്തിയവർക്ക് പൗരത്വം നൽകുന്നതിൽ എതിർപ്പില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. ഒരു സമുദായത്തിനുമാത്രം അർഹത നിഷേധിക്കുന്ന നിയമനിർമ്മാണത്തെയാണ് എതിർക്കുന്നത്. മതം നോക്കാതെ എല്ലാ അഭയാർത്ഥികൾക്കും പൗരത്വം നൽകണം. സർക്കാർ നടപടി ഭരണഘടനയുടെ അടിസ്ഥാനശിലയായ മതേതരത്വത്തിന്റെ വേരറുക്കുകയാണെന്ന് മുസ്ലിം ലീഗും ഡി.വൈ.എഫ്.ഐയും അറിയിച്ചു.
ഈ തിങ്കളാഴ്ചയാണ്
ചട്ടങ്ങൾ രൂപീകരിച്ച് കേന്ദ്രം വിജ്ഞാപനമിറക്കിയത്.
നിയമഭേദഗതിക്കെതിരെ നിരവധി ഹർജികൾ 2019 മുതൽ പരിഗണനയിലുണ്ട്. ഏറ്റവും ഒടുവിൽ വിഷയം പരിഗണിച്ചത് 2023 ഏപ്രിൽ 17നാണ്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് രാജ്യത്ത് എത്തിയ ഹിന്ദു, സിഖ്, ജെയിൻ, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യൻ മതവിഭാഗക്കാരായ അഭയാർത്ഥികൾക്ക് പൗരത്വം നൽകാനാണ് 2019ൽ നിയമഭേദഗതി കൊണ്ടുവന്നത്.
മതാടിസ്ഥാനത്തിൽ പൗരത്വം
മൗലികാവകാശലംഘനം
1. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് മൗലികാവകാശലംഘനമെന്നാണ് സ്റ്റേഹർജിയിലെ പ്രധാന വാദം.
മുസ്ലിം സമുദായത്തെ ഏകപക്ഷീയമായി ഒഴിവാക്കി.
2. ഭരണഘടന ഉറപ്പുനൽകുന്ന തുല്യത അടക്കം അവകാശങ്ങളുടെ ലംഘനം. സുപ്രീംകോടതിയുടെ അന്തിമ തീർപ്പ് വരുന്നതുവരെ നടപടികൾ നിറുത്തിവയ്ക്കണം
3. നടപടികൾ തുടരുകയും ഭരണഘടനാവിരുദ്ധമാണെന്ന് വിധി വരികയും ചെയ്താൽ പൗരത്വം നേടിയവരും നിഷേധിക്കപ്പെട്ടവരും കുഴപ്പത്തിലാകും
250 ഹർജികൾ കോടതിയിൽ,
മുഖ്യകേസ് ലീഗിന്റേത്
നിയമഭേദഗതിയെ ചോദ്യം ചെയ്ത് 250ൽ ഏറെ ഹർജികൾ സുപ്രീംകോടതിയിലുണ്ട്. 2019ൽ മുസ്ലിം ലീഗാണ് ആദ്യഹർജി സമർപ്പിച്ചത്. അതിനാൽ തന്ന കേസിലെ മുഖ്യകക്ഷിയാണ്. കോൺഗ്രസ്, സിപി.എം, സി.പി.ഐ, ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി തുടങ്ങി പ്രതിപക്ഷത്തെ പ്രധാന പാർട്ടികൾ, യുവജന - വിദ്യാർത്ഥി സംഘടനകൾ, അസാം അടക്കം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവ ഹർജി നൽകിയിരുന്നു. നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയവും ചേർത്ത് കേരളം സ്യൂട്ട് ഹർജി സമർപ്പിച്ചിട്ടുണ്ട്.