bjp

ന്യൂഡൽഹി: ഹരിയാനയിൽ ഭരണവിരുദ്ധവികാരം ഒഴിവാക്കാൻ ബി.ജെ.പി മനോഹർ ലാൽ ഖട്ടറിനെ മാറ്റി സംസ്ഥാന അദ്ധ്യക്ഷനും കുരുക്ഷേത്ര എംപിയും പ്രമുഖ പിന്നാക്കസമുദായ നേതാവുമായ നയാബ് സിംഗ് സൈനിയെ ( 54) മുഖ്യമന്ത്രിയാക്കി. 2014 മുതൽ മുഖ്യമന്ത്രിയായിരുന്ന ഖട്ടർ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും.

ലോക്‌സഭാ സീറ്റ് തർക്കത്തെ തുടർന്ന് ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിയുമായുള്ള (ജെ.ജെ.പി) സഖ്യം ഉപേക്ഷിച്ചാണ് ബി. ജെ. പിയുടെ നീക്കം.

ജെ. ജെ. പിയുടെ മൂന്ന് അംഗങ്ങൾ ഉൾപ്പെടെ ഖട്ടർ മന്ത്രിസഭ ഇന്നലെ രാജിവയ്‌ക്കുകയും ബി.ജെ.പി നിയമസഭാ കക്ഷി യോഗം സൈനിയെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. സൈനിയും അഞ്ച് മന്ത്രിമാരും ഇന്നലെ വൈകിട്ട് സത്യപ്രതിജ്ഞ ചെയ്‌തു. ആറ് മാസത്തിനകം സൈനി നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കണം.

സംസ്ഥാനത്ത് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുൻപ് അഴിച്ചുപണി അനിവാര്യമാണെന്ന് നിരീക്ഷകർ റിപ്പോർട്ട് നൽകിയിരുന്നു. പാർട്ടിയിലെ പടലപ്പിണക്കത്തെ തുടർന്ന് ഹിസാർ എംപി ബ്രിജേന്ദ്ര സിംഗ് കഴിഞ്ഞയാഴ്ച കോൺഗ്രസിൽ ചേർന്നിരുന്നു.

നയാബ് സിംഗ് സൈനി

ഒ.ബി.സിയായ സൈനി വിഭാഗത്തിലെ നേതാവ്

പിന്നാക്ക വോട്ടുകൾ ആകർഷിക്കും

ഖട്ടറിന്റെ വിശ്വസ‌്തൻ.

യുവമോർച്ചയിലൂടെ രാഷ്‌ട്രീയത്തിൽ

നിയമബിരുദധാരി.

2014ൽ നരേൻഗഡിൽ നിന്ന് നിയമസഭാംഗമായി.

 2016ൽ ആദ്യ ഖട്ടർ മന്ത്രിസഭയിൽ മന്ത്രിയായി.

2019ൽ കുരുക്ഷേത്ര ലോക്‌സഭാ സീറ്റിൽ 3.85 ലക്ഷം വോട്ടിന് ജയിച്ചു.

ജെ.ജെ.പി സഖ്യം വിട്ട് ബി.ജെ.പി

2019ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് സഖ്യം നിലവിൽ വന്നത്.

കഴിഞ്ഞ തവണ ഹരിയാനയിലെ 10 ലോക്‌സഭാസീറ്റിലും ബി. ജെ. പിയാണ് ജയിച്ചത്. രണ്ട് സീറ്റാണ് ജെ. ജെ. പി ആവശ്യപ്പെട്ടത്. ഒരു സീറ്റ് നൽകാൻ ബി. ജെ. പി തയ്യാറായിരുന്നു. 90അംഗ സഭയിൽ 41എം. എൽ.എമാരുള്ള ബി. ജെ. പി 10 അംഗങ്ങളുള്ള ജെ. ജെ. പിയുടെയും അഞ്ച് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഭരിച്ചത്. സഖ്യം പൊളിഞ്ഞതോടെ ജെ. ജെ. പിയുടെ മൂന്ന് എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുമെന്ന് അഭ്യൂഹമുണ്ട്. സ്വതന്ത്രൻമാരും ഹരിയാന ലോക്‌ഹിത് പാർട്ടി അംഗവും പിന്തുണയ്‌ക്കുന്നതിനാൽ ഭൂരിപക്ഷം കുറയില്ല. എന്നാൽ ജനസംഖ്യയുടെ 20% വരുന്ന ജാട്ട് സമുദായത്തെ പ്രതിനിധീകരിക്കുന്ന ജെ.ജെ.പിയെ പിണക്കുന്നത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ബാധിച്ചേക്കാം. 10 ലോക്സഭാ സീറ്റിലും ഇക്കൊല്ലം ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 90 സീറ്റിലും മത്സരിക്കുമെന്ന് ജെ. ജെ. പി പ്രഖ്യാപിച്ചു കഴിഞ്ഞു. ഹരിയാനയിൽ പഴയ പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസും നീക്കങ്ങളെ പ്രതീക്ഷയോടെ കാണുന്നു. കോൺഗ്രസിന് 30 എം.എൽ.എമാരുണ്ട്.