
ന്യൂഡൽഹി :മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണറുടെയും തിരഞ്ഞെടുപ്പു കമ്മിഷണർമാരുടെയും നിയമനവുമായി ബന്ധപ്പെട്ട പുതിയ നിയമത്തെ ചോദ്യം ചെയ്ത ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രീംകോടതിയിൽ ആവശ്യം. ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് ആവശ്യമുന്നയിച്ചത്. ഇന്ന് വീണ്ടും ശ്രദ്ധയിൽപ്പെടുത്താൻ ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരി 14ന് വിരമിച്ചിരുന്നു. മാർച്ച് എട്ടിന് അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജിയുമുണ്ടായി. ഒഴിവുകൾ നികത്താൻ കേന്ദ്രസർക്കാർ നടപടി തുടങ്ങിയതോടെയാണ് ഹർജി നൽകിയ സംഘടന കോടതിയെ സമീപിച്ചത്. കേന്ദ്രം കൊണ്ടുവന്ന പുതിയ നിയമപ്രകാരം പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ്, പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന കേന്ദ്രമന്ത്രി എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റിക്കാണ് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം. സമിതിയിൽ ചീഫ് ജസ്റ്റിസ് കൂടിയുള്ള സംവിധാനം നിർദ്ദേശിച്ച സുപ്രീംകോടതി വിധി പാലിക്കപ്പെടണമെന്നാണ് സംഘടനയുടെ ആവശ്യം