
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമ ചട്ടങ്ങളുടെ വിജ്ഞാപനം ഇറങ്ങി 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാനുള്ള പ്രത്യേക വെബ് പോർട്ടൽ പ്രവർത്തനം തുടങ്ങി.ഉടൻ മൊബൈൽ ആപ്പും വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സുപ്രീം കോടതിയിൽ വിജ്ഞാപനത്തിനെതിരെ ഹർജികൾ എത്തുകയും പ്രതിപക്ഷ കക്ഷികൾ പ്രക്ഷോഭത്തിന് ഒരുക്കംകൂട്ടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഒറ്റദിവസംകൊണ്ട് നിയമം പ്രാവർത്തികമാക്കിയത്. നാലുവർഷമായി നടപ്പാക്കാതിരുന്ന നിയമം തിരഞ്ഞെടുപ്പ് അടുത്തപ്പോൾ നടപ്പാക്കാൻ മോദി സർക്കാർ തുനിഞ്ഞ് ഇറങ്ങുകയായിരുന്നു.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31-നോ അതിനുമുമ്പോ ഇന്ത്യയിൽ വന്ന ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, സിഖുകാർ, ജൈനർ, ബുദ്ധമതക്കാർ, പാഴ്‌സികൾ എന്നിവർക്ക് പോർട്ടൽ വഴി ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ:
# പാസ്പോർട്ട്: അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ സർക്കാർ നൽകിയ പാസ്‌പോർട്ടിന്റെ പകർപ്പ്.
# ജനന സർട്ടിഫിക്കറ്റ്: ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസർ അല്ലെങ്കിൽ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ഓഫീസർ നൽകുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, റസിഡൻഷ്യൽ പെർമിറ്റ്, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് സർക്കാർ ഏജൻസി നൽകുന്ന ജനന സർട്ടിഫിക്കറ്റ്.
# വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്: ആ രാജ്യങ്ങളിലെ സ്കൂൾ/ കോളേജ്/ ബോർഡ്/ യൂണിവേഴ്സിറ്റി എന്നിവയിൽ ഏതെങ്കിലും ഒന്നിലെ അധികാരി നൽകുന്ന സർട്ടിഫിക്കറ്റ്.
#തിരിച്ചറിയൽ രേഖ: മൂന്ന് രാജ്യങ്ങളിലെ സർക്കാർ ഏജൻസികൾ നൽകുന്ന ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയൽ രേഖ/ ലൈസൻസ്/ സർട്ടിഫിക്കറ്റ്/ ഭൂമി അല്ലെങ്കിൽ വാടക രേഖകൾ
#അപേക്ഷകന്റെ മാതാപിതാക്കളോ മുത്തച്ഛൻ, മുത്തശ്ശി ഇവരിൽ ആരെങ്കിലുമോ അവിടത്തെ പൗരനാണെന്നതിനുള്ള രേഖ.
അസാമിലും ഡൽഹിയിലും
ക്യാമ്പസുകളിൽ പ്രതിഷേധം
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് രാജ്യത്തിന്റെ പലഭാഗത്തും പ്രതിഷേധം. അസാമിലും ഡൽഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം.
അസാമിൽ, ഗുവാഹത്തി കോട്ടൺ യൂണിവേഴ്സിറ്റി, ദിബ്രുഗഡ് യൂണിവേഴ്സിറ്റി എന്നിവയുൾപ്പെടെ നിരവധി കാമ്പസുകളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
ആൾ അസം സ്റ്റുഡന്റ്സ് യൂണിയൻ (എ.എ.എസ്.യു) അടക്കമുള്ള സംഘടനകളുടെ ആഹ്വാനപ്രകാരം വിദ്യാർത്ഥികൾ നിയമത്തിന്റെ പകർപ്പുകൾ കത്തിച്ചു.
മുൻപും സി.എ.എ പ്രതിഷേധ സമരങ്ങളിൽ മുൻപന്തിയിലായിരുന്ന റൈജോർ ദളും അസം ദേശീയ പരിഷത്തും സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.
ഡൽഹിയിൽ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലും പ്രതിഷേധമുയർന്നു.
കോൺഗ്രസിന്റെ എതിർപ്പ്
രാഷ്ട്രീയപ്രീണനം: അമിത് ഷാ
പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവും കാരണമാണ് കോൺഗ്രസ് പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമം വിജ്ഞാപനം ചെയ്‌ത ശേഷമുള്ള അമിത് ഷായുടെ ആദ്യ പ്രതികരണമാണിത്.
ലക്ഷക്കണക്കിന് ആളുകൾ അവരുടെ മതം സംരക്ഷിക്കാൻ ഈ രാജ്യത്ത് എത്തി. അവർക്ക് പൗരത്വം നൽകി ആദരിക്കുന്ന ജോലിയാണ് നരേന്ദ്ര മോദി ചെയ്‌തതെന്ന് അദ്ദേഹം പറഞ്ഞു.