ന്യൂഡൽഹി : സുപ്രീംകോടതി കർശനമായി നിർദ്ദേശിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി എസ്.ബി.ഐ. ഇന്നലെ വൈകിട്ട് 05.30നാണ് വിവരങ്ങൾ കൈമാറിയത്.
ജൂൺ 30 വരെ സമയം വേണമെന്ന ബാങ്കിന്റെ ആവശ്യം തിങ്കളാഴ്ച്ച സുപ്രീംകോടതി തള്ളിയിരുന്നു. വിവരങ്ങൾ ചൊവ്വാഴ്ച്ച കൈമാറിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
ബോണ്ട് വാങ്ങിയവരുടെ പേരുകൾ, തീയതി, ബോണ്ടുകളുടെ മൂല്യം, സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാർട്ടികളുടെ വിവരങ്ങൾ, പാർട്ടികൾ കാശാക്കി മാറ്രിയെടുത്ത ഓരോ ബോണ്ടിന്റെയും വിശദാംശങ്ങൾ, അവ മാറ്രിയെടുത്ത തീയതി എന്നിവ അടക്കമാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയത്. ഈ വിവരങ്ങൾ വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ച് മണിക്കു മുൻപ് തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശമുണ്ട്.