
ന്യൂഡൽഹി: മുതിർന്ന നേതാക്കളായ കമൽനാഥ്, അശോക് ഗെലോട്ട് എന്നിവരുടെ മക്കൾ അടക്കം 43 സ്ഥാനാർത്ഥികളെ ഉൾക്കൊള്ളിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കി.
കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് പട്ടികയ്‌ക്ക് അന്തിമ രൂപം നൽകിയതെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ വയനാട് അടക്കം കേരളത്തിലെ 16 സീറ്റുകൾ അടങ്ങിയ 39 പേരുടെ ആദ്യ പട്ടിക മാർച്ച് എട്ടിന് കോൺഗ്രസ് പുറത്തിറക്കിയിരുന്നു.
അസാം(12), മധ്യപ്രദേശ്(9), രാജസ്ഥാൻ(9), ഗുജാത്ത്(7), ഉത്തരാഖണ്ഡ്(3), ദാമൻ ദിയു(1)സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളാണ് രണ്ടാം പട്ടികയിൽ ഇടം നേടിയത്. 43 സ്ഥാനാർത്ഥികളിൽ 13 പേർ ഒ.ബി.സി വിഭാഗക്കാരും 10 പേർ പട്ടികജാതിക്കാരും 9 പേർ പട്ടികവർഗക്കാരും ഒരാൾ മുസ്ലിമുമാണ്.
രണ്ടാം പട്ടികയിലെ
പ്രമുഖർ:
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽനാഥ് സിറ്റിംഗ് സീറ്റായ മധ്യപ്രദേശിലെ ചിന്ദ്‌വാരയിൽ, മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ട് രാജസ്ഥാനിലെ ജലോറിൽ. 2019ൽ ജോധ്‌പുതിൽ ഇദ്ദേഹം ബി.ജെ.പിയുടെ ഗജേന്ദ്ര സിംഗ് ഷെഖാവത്തിനോട് തോറ്റിരുന്നു. ബി.ജെ.പിയുടെ ദേവ്‌ജി പട്ടേൽ ജയിച്ച ജലോറിൽ അന്ന് രത്തൻ ദേവസിയായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി.
കഴിഞ്ഞ ദിവസം ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന രാഹുൽ കസ്വാൻ സംസ്ഥാനത്തെ ചുരുവിൽ മത്സരിക്കും. മുൻ രാജസ്ഥാൻ പൊലീസ് മേധാവി ഹരീഷ് മീണയെ ടോങ്ക് സവായ് മധോപൂരിൽ സ്ഥാനാർത്ഥിയാക്കി.ലോക്‌സഭാ ഉപനേതാവായ ഗൗരവ് ഗൊഗോയ് ഇക്കുറി ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ അസാമിലെ ജോർഹട്ടിൽ നിന്നാണ് മത്സരിക്കുന്നത്. 2014 മുതൽ അദ്ദേഹം കാലിയാബോർ മണ്ഡലത്തിലെ എം.പിയാണ്.