
ന്യൂഡൽഹി: ചോദ്യക്കോഴ ആരോപണവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയ നടപടി ജുഡിഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയില്ലെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് സുപ്രീംകോടതിയിൽ. പാർലമെന്റിന് അതിന്റെ ആഭ്യന്തര പ്രവർത്തനത്തിൽ പരമാധികാരമുണ്ട്. ഭരണഘടന അക്കാര്യം ഉറപ്പുനൽകുന്നുണ്ടെന്നും ലോക്സഭാ സെക്രട്ടേറിയറ്റ് സത്യവാങ്മൂലത്തിൽ അറിയിച്ചു. ലോക്സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ മഹുവ സമർപ്പിച്ച ഹർജിയിലാണ് മറുപടി. ഹർജി നിലനിൽക്കില്ലെന്നും കൂട്ടിച്ചേർത്തു. വ്യവസായിയും സുഹൃത്തുമായ ദർശൻ ഹിരാനന്ദനിയിൽ നിന്ന് പണവും സമ്മാനങ്ങളും വാങ്ങി പാർലമെന്റിൽ ചോദ്യമുന്നയിച്ചുവെന്ന ആരോപണമാണ് വനിതാ നേതാവ് നേരിടുന്നത്. എത്തിക്സ് കമ്മിറ്രിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിസംബർ എട്ടിന് പാർലമെന്ററി കാര്യ മന്ത്രി പ്രൽഹാദ് ജോഷി ലോക്സഭയിൽ പ്രമേയം അവതരിപ്പിച്ച് മഹുവയെ പുറത്താക്കുകയായിരുന്നു.