
ന്യൂഡൽഹി :തിരഞ്ഞെടുപ്പ് ബോണ്ടുകൾ 2019 ഏപ്രിൽ ഒന്ന് മുതൽ 2024 ഫെബ്രുവരി 15 വരെ 22217 എണ്ണം വിറ്റെന്നും ഇവയിൽ 22,030 എണ്ണം രാഷ്ട്രീയ പാർട്ടികൾ പണമാക്കി മാറ്റിയെടുത്തെന്നും എസ്.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു.
ലഭിച്ച വിവരങ്ങൾ നാളെ വൈകിട്ട് അഞ്ച് മണിക്കു മുൻപ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
കോടതി നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ തിരഞ്ഞെടുപ്പ് കമ്മിഷന് ബോണ്ട് വിവരങ്ങൾ കൈമാറിയെന്ന് ചൂണ്ടിക്കാട്ടി എസ്.ബി.ഐ ചെയർമാൻ ദിനേശ് കുമാർ ഖാരാ സത്യവാങ്മൂലം നൽകുകയായിരുന്നു. ചൊവ്വാഴ്ച ബാങ്ക് സമയം അവസാനിക്കുന്നതിന് മുൻപ് വിവരങ്ങൾ പെൻഡ്രൈവിലാക്കി മുദ്രവച്ച കവറിൽ കമ്മിഷന് കൈമാറി. പാസ് വേർഡ് സംരക്ഷിത ഡിജിറ്റൽ രൂപത്തിൽ രണ്ട് പി.ഡി.എഫ് ഫയലുകളാണ് നൽകിയത്.
ഒരു ഫയലിൽ ബോണ്ട് വാങ്ങിയവരുടെ പേരുകൾ, തീയതി, ബോണ്ടുകളുടെ മൂല്യം എന്നിവയാണ്. രണ്ടാമത്തെ ഫയലിൽ സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാർട്ടികളുടെ വിവരങ്ങൾ, പാർട്ടികൾ കാശാക്കി മാറ്റിയെടുത്ത ഓരോ ബോണ്ടിന്റെയും വിശദാംശങ്ങൾ, മാറ്റിയെടുത്ത തീയതി എന്നിവയാണ്. ബോണ്ട് ലഭിച്ച പാർട്ടികൾ 15 ദിവസത്തിനകം രൂപയാക്കി മാറ്റിയെടുക്കണമെന്നാണ് വ്യവസ്ഥ. അങ്ങനെ ചെയ്യാത്ത ബോണ്ടുകളുടെ തുക പ്രധാനമന്ത്രിയുടെ ദേശീയ ആശ്വാസ നിധിയിലേക്ക് ചട്ടപ്രകാരം കൈമാറിയെന്നും എസ്.ബി.ഐ വ്യക്തമാക്കി.
തിരഞ്ഞെടുപ്പു കമ്മിഷണർ നിയമനം:
നാളെ വാദം കേൾക്കും
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെയും തിരഞ്ഞെടുപ്പു കമ്മിഷണർമാരുടെയും നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമത്തെ ചോദ്യം ചെയ്ത ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. അടിയന്തരമായി വാദം കേൾക്കണമെന്ന ഹർജിക്കാരായ കോൺഗ്രസ് നേതാവ് ഡോ. ജയ താക്കൂർ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സന്നദ്ധസംഘടന എന്നിവരുടെ ആവശ്യം അംഗീകരിച്ചു. വെള്ളിയാഴ്ച പുതിയ രണ്ട് കമ്മിഷണർമാരുടെ നിയമനമുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണിത്.
തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന അനൂപ് ചന്ദ്ര പാണ്ഡെ 14ന് വിരമിച്ചു. മാർച്ച് എട്ടിന് അരുൺ ഗോയൽ അപ്രതീക്ഷിതമായി രാജിവച്ചു. രണ്ട് ഒഴിവുകളും നികത്താൻ കേന്ദ്രം നടപടി തുടങ്ങിയതോടെയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. പുതിയ നിയമപ്രകാരം പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ്, പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന കേന്ദ്രമന്ത്രി എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റിക്കാണ് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം. എന്നാൽ, സമിതിയിൽ ചീഫ് ജസ്റ്റിസ് കൂടിയുള്ള സംവിധാനം നിർദ്ദേശിച്ച സുപ്രീംകോടതി വിധി പാലിക്കപ്പെടണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.