ncp

ന്യൂഡൽഹി:മഹാരാഷ്‌ട്രയിൽ പിളർന്ന എൻ.സി.പിയിൽ വോട്ടർമാർ ഏത് പക്ഷത്തെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തും. എൻ.സി.പി കോട്ടയും പവാർ കുടുംബത്തിന്റെ മണ്ഡലവുമായ ബാരാമതിയിൽ കുടുംബത്തിലെ രണ്ട് വനിതകൾ തമ്മിലാണ് പോരാട്ടം. പാർട്ടി സ്ഥാപകൻ ശരദ് പവാറിന്റ മകളും സിറ്റിംഗ് എംപിയുമായ സുപ്രിയ സുലെയും പാർട്ടി പിളർത്തി ഔദ്യോഗിക പക്ഷമായ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും. സുപ്രിയ സുലെ മത്സരിക്കുമെന്ന് പൂനെയിൽ മഹാവികാസ് അഘാഡി റാലിയിൽ ശരദ് പവാർ പ്രഖ്യാപിച്ചു. സുനേത്രയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചില്ലെങ്കിലും അവർ പ്രചാരണം തുടങ്ങിയിട്ടുണ്ട്. ശരദ് പവാറിന്റെ സഹോദര പുത്രൻ അജിത് പവാർ സൃഷ്‌ടിച്ച പിളർപ്പ് മണ്ഡലത്തിലെ പോരിന് മൂർച്ച കൂട്ടും.

ബാരാമതിയുടെ പവാർ പാരമ്പര്യം

എൻ.സി.പി (ശരദ്‌ പവാർ) വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ 2009 മുതൽ ബാരാമതി എം. പിയാണ്. 2014ൽ മോദി തരംഗത്തിലും പവാർ കോട്ട കുലുങ്ങിയില്ല. 2019ൽ സുപ്രിയ 1,57,000 വോട്ടിനാണ് ബി.ജെ.പിയുടെ കാഞ്ചൻ കുലിനെ തോൽപ്പിച്ചത്. 1996 മുതൽ 2004 വരെ ആറു തവണ ശരദ് പവാറും മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധീകരിച്ചു. അതേസമയം, അജിത് പവാറിന്റെയും ശക്തികേന്ദ്രമാണ് ബാരാമതി. ഒരു തവണ ലോക്‌സഭാംഗമായ അജിത് പവാർ ബാരാമതി അസംബ്ലി സീറ്റിൽ നിന്ന് ഏഴ് തവണ എം.എൽ.എയും ആയിട്ടുണ്ട്.

പാർട്ടി പിളർപ്പ് ആറ് ലക്ഷത്തിലധികം വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കിയെന്നാണ് സംസാരം. മുതിർന്ന പ്രവർത്തകർ ശരദ്‌ പവാറിനൊപ്പമാണ്. യുവതലമുറയുടെ പിന്തുണ അജിത് പവാറിനുമുണ്ട്. ബി.ജെ.പിക്കൊപ്പം ചേർന്ന അജിത് ഭരണത്തിന്റെ ആനുകൂല്യം ഭാര്യയ്‌ക്കു വേണ്ടി പ്രയോഗിക്കും. സുനേത്ര മത്സരിക്കുമെന്ന് അജിത് പ്രഖ്യാപിച്ചിരുന്നു. തനിക്ക് വോട്ടു ചെയ്യുന്നത് പോലെ കരുതണമെന്നും പറഞ്ഞു.

സുനേത്രയ്‌ക്ക് കന്നി പോരാട്ടം

പൊതുരംഗത്ത് സജീവമായ സുനേത്രയുടെ കന്നി തിരഞ്ഞെടുപ്പാണിത്. എൻവയോൺമെന്റൽ ഫോറം ഓഫ് ഇന്ത്യ എന്ന പരിസ്ഥിതി എൻ.ജി.ഒയുടെ സ്ഥാപകയാണ്. ശരദ്‌പവാറിന്റെ വിശ്വസ്‌തനായിരുന്ന മുൻ എംപിയും മുൻ സംസ്ഥാന മന്ത്രിയുമായ പദംസിൻഹ് പാട്ടീൽ സഹോദരൻ.