
ന്യൂഡൽഹി: ഡൽഹി മെട്രോ നാലാം ഘട്ട പദ്ധതിയുടെ ഭാഗമായ ലജ്പത് നഗർ- സാകേത് ജി-ബ്ലോക്ക്(12.377 കി.മീ), ഇന്ദർലോക്-ഇന്ദ്രപ്രസ്ഥ(8.385 കി.മീ) ഇടനാഴികൾക്ക് അംഗീകാരം. തിരഞ്ഞെടുപ്പിനു മുൻപുള്ള നിർണായക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. എന്നാൽ പ്രതീക്ഷിച്ചിരുന്ന വൻ പദ്ധതികൾ യോഗം ചർച്ച ചെയ്‌തില്ല. സർക്കാർ ഒരു തുടർച്ചയാണെന്നും മന്ത്രിസഭാ യോഗങ്ങൾക്ക് അവസാനമില്ലെന്നും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ വിശദീകരിച്ചു.
രണ്ട് പദ്ധതികൾക്കുമുള്ള 8,399 കോടി രൂപ കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും അന്താരാഷ്ട്ര ഫണ്ടിംഗ് ഏജൻസികളും സംയുക്തമായി വഹിക്കും.
നിലവിലള്ള ചുവപ്പ്, മഞ്ഞ, എയർപോർട്ട് ലൈൻ, മജന്ത, വയലറ്റ്, നീല പാതകൾ ഇന്ദർലോക് - ഇന്ദ്രപ്രസ്ഥ ഇടനാഴിയുമായി കൂട്ടിയിണക്കും. ഹരിയാനയിലെ ബഹദൂർഗഡ് മേഖലയ്‌ക്കും പ്രയോജനപ്പെടും. ലജ്പത് നഗർ - സാകേത് ജി ബ്ലോക്ക് ഇടനാഴി സിൽവർ, മജന്ത, പിങ്ക്, വയലറ്റ് പാതകളെ ബന്ധിപ്പിക്കും. എട്ടു സ്റ്റേഷനുകളുള്ള ലജ്പത് നഗർ - സാകേത് ജി ബ്ലോക്ക് പാത പൂർണ്ണമായും തൂണുകൾക്കുമേലുള്ള എലിവേറ്റഡ് ആയിരിക്കും. പത്ത് സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഇന്ദർലോക് - ഇന്ദ്രപ്രസ്ഥ ഇടനാഴിയിൽ 11.349 കിലോമീറ്റർ ഭൂഗർഭ പാതയും 1.028 കിലോമീറ്റർ എലിവേറ്റഡ് പാതയും ഉണ്ടാകും.രണ്ട് ഇടനാഴികളിൽ ഇന്ദർലോക്, നബി കരിം, ന്യൂഡൽഹി, ഡൽഹി ഗേറ്റ്, ഇന്ദ്രപ്രസ്ഥ, ലജ്പത് നഗർ, ചിരാഗ് ദില്ലി, സാകേത് ജി ബ്ലോക്ക് എന്നിവിടങ്ങളിൽ എട്ട് പുതിയ ഇന്റർചേഞ്ച് സ്റ്റേഷനുകൾ വരും.
നാലാം ഘട്ടത്തിന്റെ ഭാഗമായി ഇപ്പോൾ നിർമ്മാണത്തിലുള്ള 65 കിലോമീറ്റർ പാതയ്‌ക്ക് പുറമെയാണ് രണ്ട് ഇടനാഴികൾ. നിലവിൽ ഡൽഹി മെട്രോയ്‌ക്ക് 286 സ്റ്റേഷനുകൾ അടങ്ങുന്ന 391 കിലോമീറ്റർ ശൃംഖലയാണുള്ളത്.