
ന്യൂഡൽഹി: നാടകീയ നീക്കങ്ങൾക്ക് ശേഷം അധികാരത്തിലെത്തിയ ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിൽ ജയിച്ചു. ഹരിയാന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഉൾപ്പെടെ 48 എം.എൽ.എമാർ നയാബ് സിംഗ് സൈനിയിൽ വിശ്വാസം രേഖപ്പെടുത്തി. സൈനി തന്നെയാണ് വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിൻമേൽ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചയ്‌ക്കു ശേഷമായിരുന്നു വോട്ടെടുപ്പ്.
ബി.ജെ.പി സഖ്യമുപേക്ഷിച്ച ജെ.ജെ.പിയുടെ ദേവേന്ദർ ബബ്ലി, രാം കുമാർ ഗൗതം, ഈശ്വർ സിംഗ്, ജോഗി റാം സിഹാഗ് എന്നീ എം.എൽ.എമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനുള്ള പാർട്ടി വിപ്പ് ലംഘിച്ച് നിയമസഭയിലെത്തിയിരുന്നു. കുരുക്ഷേത്രയിൽ നിന്നുള്ള ലോക്‌സഭാംഗമായ സൈനി കർണാലിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും.
ഖട്ടർ ലോക്സഭാ സ്ഥാനാർത്ഥി
വിശ്വാസ വോട്ടെടുപ്പിന് പിന്നാലെ കർണാലിൽ നിന്നുള്ള നിയമസഭാംഗത്വം ഖട്ടർ
രാജിവച്ചിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ കർണാൽ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ഖട്ടർ.
മുഖ്യമന്ത്രിയായി കഴിഞ്ഞ ഒമ്പതര വർഷം നൽകിയ സഹകരണത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ഖട്ടർ രാജിക്കാര്യം അറിയിച്ചത്.