bjp

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ, അനുരാഗ് താക്കൂർ, മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ എന്നിവരുൾപ്പെടെ 72 പേരടങ്ങിയ ബി.ജെ.പിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ കേരളത്തിലെ ബാക്കിയുള്ള സീറ്റുകളിലെ സ്ഥാനാർത്ഥികൾ പട്ടികയിൽ ഇല്ല.

മഹാരാഷ്ട്ര(20), കർണാടക(20), ഗുജറാത്ത്(7), മധ്യപ്രദേശ്(5), തെലങ്കാന(6), ഹരിയാന(6), ത്രിപുര(1), ഹിമാചൽ പ്രദേശ്(2), ഉത്തരാഖണ്ഡ്(2), ഡൽഹി(2), ദാമൻ ദിയു(1), എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളാണ് രണ്ടാം പട്ടികയിൽ ഉൾപ്പെടുത്തിയത്. 14 വനിതകളുണ്ട്. ആദ്യപട്ടികയിൽ വാരാണസിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 195 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ഭിന്നതയിലാണെന്നും ഇക്കുറി തഴയപ്പെടുമെന്നുമുള്ള അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി സിറ്റിംഗ് സീറ്റായ മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ വീണ്ടും സ്ഥാനാർത്ഥിയാക്കി. കേന്ദ്ര മന്ത്രിയും രാജ്യസഭാംഗവുമായ പിയൂഷ് ഗോയൽ മുംബയ് നോർത്തിൽ നിന്ന് മത്സരിക്കും. കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂർ ഹിമാചൽ പ്രദേശിലെ ഹാമിർപൂരിൽ. ഹരിയാന മുഖ്യമന്ത്രി സ്ഥാനം രാജിവച്ച മനോഹർ ലാൽ ഖട്ടർ( കർണാൽ-ഹരിയാന), ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്(ഹരിദ്വാർ), മുൻ കർണാ‌ടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ(ഹാവേരി) എന്നിവരും പട്ടികയിലുണ്ട്.

കർണാടകയിൽ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി ധാർവാഡിലും മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകൻ ബി.വൈ.രാഘവേന്ദ്ര ഷിമോഗയിലും മത്സരിക്കും. കുമാരസ്വാമിയുടെ അളിയൻ ഡോ. സി.എൻ. മഞ്ജുനാഥ്(ബാംഗ്ളൂർ റൂറൽ), കേന്ദ്രമന്ത്രി ശോഭാ കരന്തജ്‌ലെ(ബാംഗ്ളൂർ നോർത്ത്), ബി. ശ്രീരാമലുലു(ബെല്ലാരി), തേജസ്വി സൂര്യ(ബാഗ്ളൂർ സൗത്ത്) എന്നിവരും സംസ്ഥാനത്ത് സ്ഥാനാർത്ഥികളായുണ്ട്. പാർലമെന്റ് സുരക്ഷാവീഴ്‌ചയിലൂടെ വിവാദത്തിലായ പ്രതാപ് സിൻഹയ്‌ക്ക് പകരം മൈസൂറിൽ മുൻ മൈസൂർ രാജകുടുംബത്തിലെ യദുവീർ കൃഷ്ണദത്തയെ പ്രഖ്യാപിച്ചു.

മറ്റ് പ്രമുഖർ:
മഹാരാഷ്‌ട്രയിൽ കേന്ദ്രമന്ത്രി ഭാരതി പർവീൻ പവാർ(ദിന്തോരി), പങ്കജ് മുണ്ടെ(ബീഡ്), ഉത്തരാഖണ്ഡിൽ അനിൽ ബലൂനി(ഗർവാൾ), ഹർഷ് മൽഹോത്ര(കിഴക്കൻ ഡൽഹി), യോഗേന്ദ്ര ചന്ദോലിയ(വടക്ക് പടിഞ്ഞാറൻ ഡൽഹി),കൃതി സിംഗ് ദേബ്ബർമ(ത്രിപുര ഈസ്റ്റ്)

അരുണാചലിൽ 60സീറ്റിലേക്കും പട്ടിക

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അരുണാചൽ പ്രദേശിലെ 60 സീറ്റിലേക്കും ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പ്രേമഖണ്ഡു സീറ്റിംഗ് സീറ്റായ മുക്തോയിൽ മത്സരിക്കും. സംസ്ഥാന അദ്ധ്യക്ഷൻ ബിയുറാം വാഘേ പാക്കേ കെസാംഗിൽ സ്ഥാനാർത്ഥിയാണ്. 2019ൽ 41സീറ്റിൽ ജയിച്ചിരുന്നു.