
ന്യൂഡൽഹി : ആറ് അമേരിക്കൻ സർവകലാശാലകളിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദ (എൽഎൽ.എം) കോഴ്സിന് ചേരാൻ ക്ഷണം. അതിൽ രണ്ട് സർവകലാശാലകളിൽ നിന്ന് സ്കോളർഷിപ്പ് വാഗ്ദാനവും.
സുപ്രീംകോടതി ജീവനക്കാരനും ജഡ്‌ജിയുടെ പാചകക്കാരനുമായ അജയ് കുമാർ സമലിന്റെ മകൾ പ്രഗ്യാസമലാണ് ഈ മിടുമിടുക്കി. സുപ്രീംകോടതിയുടെ ഭാഗമായ സെന്റർ ഫോർ റിസർച്ച് ആൻഡ് പ്ലാനിംഗിൽ ഗവേഷകയുമായ പ്രഗ്യയെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അടക്കം ജഡ്ജിമാർ അഭിനന്ദനങ്ങൾ കൊണ്ട് മൂടി.
പതിറ്റാണ്ടുകളായി ജഡ്ജിമാർക്ക് വച്ചുവിളമ്പുന്ന അജയ് കുമാർ സമലിന് മകളുടെ നേട്ടത്തിൽ ഏറെ സന്തോഷം. സുപ്രീംകോടതിയിലെ ലൗഞ്ചിൽ നടന്ന ചടങ്ങിൽ ജഡ്ജിമാർ മകളെ ആശീർവദിക്കുന്നത് സന്തോഷാശ്രുക്കളാൽ അദ്ദേഹം നോക്കി നിന്നു. പ്രഗ്യയുടെ അമ്മ പ്രൊമില സമലും അപൂർവ്വ മുഹൂർത്തത്തിന് സാക്ഷിയായി. മാതാപിതാക്കളെ ചീഫ് ജസ്റ്റിസ് ഷാൾ അണിയിച്ചു. പ്രഗ്യ ചീഫ്ജസ്റ്റിസിന്റെ പാദം തൊട്ടു വണങ്ങി.
ഡൽഹി സർവകലാശാലയിൽ നിന്ന് ബി. കോം പാസായ പ്രഗ്യ, നോയിഡയിലെ അമിറ്റി ലാ സ്കൂളിൽ നിന്ന് സ്വർണ മെഡലോടെയാണ് എൽഎൽ.ബി നേടിയത്.
യു.എസിലെ കൊളംബിയ ലാ സ്കൂൾ, ചിക്കാഗോ ലാ സ്കൂൾ, പെൻസിൽവേനിയയിലെ കെയറി ലാ സ്കൂൾ, ന്യൂയോർക്ക് സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളാണ് പ്രഗ്യയ്ക്ക് എൽഎൽ.എം പ്രവേശനം വാഗ്ദാനം ചെയ്തത്. ബെർക്ക്ലി ലാ സ്കൂൾ 30,000 ഡോളറിന്റെയും മിഷിഗൺ ലാ സ്കൂൾ 50,000 ഡോളറിന്റെയും സ്കോളർഷിപ്പ് നൽകാമെന്നും അറിയിച്ചു. മിഷിഗൺ സ്കോളർഷിപ്പ് സ്വീകരിക്കണമെന്നാണ് പ്രഗ്യയുടെ താത്പര്യം.
ഒഡിഷ സ്വദേശിയായ അജയ് കുമാർ സമൽ 1990ൽ ആദിത്യ ബിർള ഗ്രൂപ്പിന്റെ പാചകക്കാരനായി. 1996 മുതൽ സുപ്രീംകോടതി ജഡ്ജിമാരുടെയും കുടുംബത്തിന്റെയും ഇഷ്ടവിഭവങ്ങൾ തയ്യാറാക്കി കൊടുക്കുന്നു.