
ന്യൂഡൽഹി : എൻ.സി.പി പിളർന്നിട്ടും പാർട്ടി നേതാവ് ശരദ്പവാറിന്റെ ചിത്രം അജിത് പവാർ വിഭാഗം ഉപയോഗിക്കുന്നതിനെ വിമർശിച്ച് സുപ്രീംകോടതി.
തിരഞ്ഞെടുപ്പിന് മാത്രമാണ് ശരദ്പവാറിന്റെ പേര് അജിത് പവാർ വിഭാഗത്തിന് ആവശ്യം. തിരഞ്ഞെടുപ്പില്ലെങ്കിൽ അദ്ദേഹത്തിന്റെ ആവശ്യവുമില്ല. പ്രത്യേക വിഭാഗമായതോടെ അജിത് പവാർ പക്ഷത്തിന് സ്വതന്ത്ര സ്വത്വം കൈവന്നു. ആ രീതിയിൽ പോകണം. ശരദ് പവാറിന്റെ പേരോ ചിത്രമോ പോസ്റ്രറുകളിലും മറ്റ് പ്രചാരണസാമഗ്രികളിലും ഉപയോഗിക്കരുത്. ഇക്കാര്യം സത്യവാങ്മൂലമായി
സമർപ്പിക്കാനും ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് നിർദ്ദേശിച്ചു.
ക്ലോക്ക് ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷൻ അജിത് പവാർ വിഭാഗത്തിന് അനുവദിച്ചിട്ടുണ്ട്. ആശയക്കുഴപ്പം ഒഴിവാക്കാൻ മറ്രേതെങ്കിലും ചിഹ്നമാവും അഭികാമ്യമെന്നും കോടതി നിരീക്ഷിച്ചു.
അജിത് പവാർ വിഭാഗത്തെ യഥാർത്ഥ എൻ.സി.പിയായി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചതിനെതിരെ ശരദ് പവാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പാർട്ടിയുമായി ചരിത്രപരമായി ബന്ധമുള്ളതാണ് ക്ലോക്ക് ചിഹ്നമെന്ന് ശരദ് പവാർ വിഭാഗത്തിന്റെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച 'എൻ.സി.പി - ശരദ് ചന്ദ്ര പവാർ' എന്ന പാർട്ടി പേര് തുടരാൻ കോടതി അനുമതി നൽകിയിരുന്നു. 2023 ജൂലായിലാണ് അജിത് വിഭാഗം ബി.ജെ.പി പക്ഷത്തേക്ക് കൂടുമാറിയത്. അജിത് പവാർ മഹാരാഷ്ട്ര സർക്കാരിൽ ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു.
 പ്രവർത്തകർക്ക് പഴി
പാർട്ടിയല്ല, വഴിതെറ്റിയ ചില പ്രവർത്തകരാണ് ശരദ്പവാറിന്റെ ചിത്രം ഉപയോഗിക്കുന്നതെന്ന് അജിത് പവാർ വിഭാഗത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. പാർട്ടിയാണ് പ്രവർത്തകരെ അച്ചടക്കത്തിൽ നിറുത്തേണ്ടതെന്ന് കോടതി പ്രതികരിച്ചു. വിഷയം ചൊവ്വാഴ്ച് വീണ്ടും പരിഗണിക്കും.