kisan

ന്യൂഡൽഹി : മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമ നിർമ്മാണമടക്കം ആവശ്യപ്പെട്ടും, ഡൽഹി ചലോ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവകർഷകൻ ശുഭ്കരൺ സിംഗ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചും ഡൽഹിയിൽ പതിനായിരങ്ങളുടെ കർഷക മഹാപഞ്ചായത്ത്. സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ രാംലീല മൈതാനത്ത് സംഘടിച്ച കർഷകരും തൊഴിലാളികളും കേന്ദ്രസർക്കാരിനെതിരെ പ്രമേയം പാസാക്കി.

ജനാധിപത്യത്തെ രക്ഷിക്കുകയെന്ന മുദ്രാവാക്യം മുഴക്കി മാർച്ച് 23ന് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും പ്രതിഷേധസമരം നടത്താൻ തീരുമാനിച്ചു. കർഷകർ ഒറ്റക്കെട്ടാണെന്നും, സമരം തുടരുമെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.കർഷക മഹാപഞ്ചായത്തിന്റെ പശ്ചാത്തലത്തിൽ വൻസുരക്ഷാ സന്നാഹമാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്നത്. അധികസേനയെ നിയോഗിച്ചു. അതിർത്തി മേഖലകളിൽ ഉൾപ്പെടെ ഗതാഗത കുരുക്കുണ്ടായി.

കാർഷിക കടങ്ങൾ

എഴുതിത്തള്ളും: രാഹുൽ

'ഇന്ത്യ"മുന്നണി അധികാരത്തിലെത്തിയാൽ കർഷകരുടെ ശബ്ദമായി മാറുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. കാർഷിക കടങ്ങൾ എഴുതിത്തള്ളും. വിള ഇൻഷ്വറൻസ് പദ്ധതി പുനഃക്രമീകരിക്കും. മിനിമം താങ്ങുവില ഉറപ്പാക്കും. ജി.എസ്.ടി ഒഴിവാക്കും. ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ ഛാന്ദ്വാഡിൽ കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ.

അതിനിടെ,യുവ കർഷകൻ ശുഭ്കരൺ സിംഗ് കൊല്ലപ്പെട്ട സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട പഞ്ചാബ് - ഹരിയാന ഹൈക്കോടതി നടപടിക്കെതിരെ ഹരിയാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഫെബ്രുവരി 21നാണ് പഞ്ചാബ് - ഹരിയാന അതിർത്തിയിലെ ഖനൗരി ബോർഡറിൽ പൊലീസുമായുണ്ടായ സംഘർഷത്തിൽ കർഷകൻ കൊല്ലപ്പെട്ടത്. സമരത്തിനിടെ ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചെന്ന ആരോപണത്തിൽ കർഷകൻ പ്രീത് പാൽ സിംഗിന്റെ മൊഴിയെടുക്കാൻ പഞ്ചാബ് - ഹരിയാന ഹൈക്കോടതി ചണ്ഡിഗർ സി.ജെ.എം കോടതിക്ക് നിർദ്ദേശം നൽകി. ആശുപത്രിയിൽ പോയാണ് മൊഴിയെടുക്കേണ്ടത്.

ഫോട്ടോ ക്യാപ്ഷൻ : ഡൽഹി രാംലീല മൈതാനത്ത് കർഷക മഹാപഞ്ചായത്ത്