ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനിലെ പ്രതിസന്ധിക്ക് വിരാമമിട്ട്, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും (60) സുഖ്ബീർ സിംഗ് സന്ധുവും (61) പുതിയ ഇലക്‌ഷൻ കമ്മിഷണർമാരായി തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരടങ്ങിയ സെലക്‌ഷൻ പാനൽ ആണ് ഇരുവരെയും തിരഞ്ഞെടുത്തത്.

1988 കേരള കേഡറിലെ ഗ്യാനേഷ് കുമാർ ഉത്തർപ്രദേശ് സ്വദേശിയും 1998 ഉത്തരാഖണ്ഡ് കേഡറിലെ സുഖ്ബീർ സിംഗ് സന്ധു പഞ്ചാബ് സ്വദേശിയുമാണ്. സർവീസിൽ സീനിയറായ ഗ്യാനേഷ് കുമാർ 2025ൽ ചീഫ് ഇലക്‌ഷൻ കമ്മിഷണറായേക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ആസന്നമായിരിക്കെ, കഴിഞ്ഞയാഴ്ച കമ്മിഷണർ അരുൺഗോയലിന്റെ രാജിയോടെയാണ് ഇലക്‌ഷൻ കമ്മിഷനിൽ പ്രതിസന്ധി ഉരുണ്ടുകൂടിയത്. കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരി 14 ന് വിരമിച്ചിരുന്നു. ഇതോടെയാണ് രണ്ടുപേരുടെ തിരഞ്ഞെടുപ്പ് അനിവാര്യമായത്.

മൂന്നംഗ സമ്പൂർണ കമ്മിഷൻ ഇന്നോനാളെയോ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിന്റെ മൂന്നംഗ സെർച്ച് കമ്മിറ്റി 212 ഉദ്യോഗസ്ഥരിൽ നിന്ന് തയ്യാറാക്കിയ ആറ് പേരുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് പ്രധാനമന്ത്രിയുടെ സമിതി രണ്ട് പേരെ തിരഞ്ഞെടുത്തത്. സെർച്ച് കമ്മിറ്റി ഓരോ തസ്‌തികയിലേക്കും അഞ്ച് പേരുടെ വീതം ചുരുക്കപ്പട്ടിക തയ്യാറാക്കണമെന്നാണ് നിബന്ധന.

മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരായ ഉത്പൽ കുമാർ സിംഗ്, പ്രദീപ് കുമാർ ത്രിപാഠി, ഇന്ദേവർ പാണ്ഡെ, സുധീർ കുമാർ ഗംഗാധർ രഹതെ എന്നിവരാണ് ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്ന മറ്റംഗങ്ങൾ.

വിയോജിച്ച് അധീർ

അഞ്ച് പേർ വീതമുള്ള ചുരുക്കപ്പട്ടി നൽകാത്തതിൽ അവ്യക്ത ആരോപിച്ചും സെലക്‌ഷൻ പാനലിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അഭാവം ചൂണ്ടിക്കാട്ടിയും അധീർ രഞ്ജൻ ചൗധരി വിയോജനക്കുറിപ്പ് നൽകി. 212പേരുടെ ലിസ്റ്റാണ് ഇന്നലെ പുലർച്ചെ തനിക്ക് നൽകിയതെന്നും അധീ‌ർ ചൂണ്ടിക്കാട്ടി. യോഗത്തിന് ശേഷം അധീറാണ് രണ്ടു പേരുകളും പ്രഖ്യാപിച്ചത്.