election

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് ബോണ്ട് മുഖേന രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയവരിൽ വൻകിട കോർപറേറ്റുകളും, വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ കമ്പനിയും. 2019 ഏപ്രിൽ ഒന്ന് മുതൽ 2024 ഫെബ്രുവരി 15 വരെ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങൾ സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിടുകയായിരുന്നു. എസ്.ബി.ഐ കമ്മിഷന് കൈമാറിയിരുന്ന വിവരങ്ങളാണിത്. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളുടെ കണക്ക് പുറത്തായെങ്കിലും, ആര് ഏത് രാഷ്ട്രീയ പാർട്ടിക്ക് സംഭാവന നൽകിയെന്നത് വെളിപ്പെടുത്തിയില്ല. സംഭാവന നൽകിയവരുടെ പട്ടികയിൽ അദാനി, റിലയൻസ് കമ്പനികളുടെ പേരില്ല. കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പേര് സംഭാവന നൽകിയവരുടെ നിരയിലുണ്ട്.

പട്ടികയിൽ വൻകിട

കമ്പനികൾ

സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനി 200 കോടിയിൽപ്പരമാണ് സംഭാവന നൽകിയത്. ഇ,ഡി നടപടി നേരിട്ട കമ്പനിയാണെന്നാണ് റിപ്പോർട്ടുകൾ. ആദായ നികുതി വകുപ്പിന്റെ നടപടി നേരിട്ടെന്ന് സൂചനയുള്ള മേഘ എൻജിനിയറിംഗ് ലിമിറ്റഡ് 980 കോടിയിൽപ്പരം മൂല്യമുള്ള ബോണ്ടുകൾ വാങ്ങി.

വാക്സിൻ നിർമാണ കമ്പനി സെസ് ഭാരത് ബയോടെക്, ബജാജ് ഓട്ടോ, വേദാന്ത, സൺ ഫാർമ,അപ്പോളോ ടയേഴ്സ്, ഡി.എൽ.എഫ്, അംബുജ ഹൗസിംഗ്, പി.വി.ആർ, ഖനി കമ്പനികൾ, ഐ.ടി.സി, എയർടെൽ തുടങ്ങിയവയും പട്ടികയിലുണ്ട്.

പുറത്തുവിട്ടത്

രണ്ട് ഭാഗമായി

എസ്.ബി.ഐ ചൊവ്വാഴ്ച്ച രണ്ട് ഭാഗമായി കൈമാറിയ വിവരങ്ങൾ അതേ പടി കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. 22217 തിരഞ്ഞെടുപ്പ് ബോണ്ടുകൾ വിറ്രെന്നും, ഇവയിൽ 22,030 എണ്ണം രാഷ്ട്രീയ പാർട്ടികൾ കാശാക്കി മാറ്രിയെടുത്തെന്നും എസ്.ബി.ഐ വ്യക്തമാക്കിയിരുന്നു. സുതാര്യതയ്ക്ക് എന്നും അനുകൂലമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്കു മുൻപ് വിവരങ്ങൾ പുറത്തുവിടണമെന്നായിരുന്നു സുപ്രീംകോടതി നിർദ്ദേശം. എന്നാൽ ഇന്നലെ രാത്രി തന്നെ അപ്ലോഡ് ചെയ്യുകയായിരുന്നു.

1. ബോണ്ട് വാങ്ങിയവരുടെ പേര്, തീയതി, ബോണ്ടുകളുടെ മൂല്യം

2. സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാർട്ടികളുടെ പേര്, പാർട്ടികൾ കാശാക്കിയ ഓരോ ബോണ്ടിന്റെയും മൂല്യം, മാറ്രിയെടുത്ത തീയതി