amit-shah

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്നും അത് രാജ്യത്തെ മുസ്ളീങ്ങൾക്ക് ദോഷം ചെയ്യില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

പൗരത്വ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന പ്രതിപക്ഷ ആരോപണം തള്ളുന്നു. ഇന്ത്യൻ പൗരത്വം ഉറപ്പാക്കാനുള്ള സർക്കാരിന്റെ അവകാശമാണത്. അതിൽ വിട്ടുവീഴ്ചയില്ല. നിയമം പിൻവലിക്കില്ല. പൗരൻമാർക്ക് സമത്വം ഉറപ്പാക്കുന്ന ഭരണഘടനയുടെ 14-ാം വകുപ്പ് നിയമം ലംഘിക്കുന്നില്ല. പ്രധാനമന്ത്രി മോദിയുടെ ബി.ജെ.പി സർക്കാരാണ് നിയമം കൊണ്ടുവന്നത്. ഭരണഘടനാ സാധുതയുള്ളതിനാൽ റദ്ദാക്കാനാവില്ല. സുപ്രീം കോടതി നിയമം സ്റ്റേ ചെയ്തിട്ടില്ല. ആരുടെയും പൗരത്വം നിഷേധിക്കാനും വ്യവസ്ഥയില്ല.

2024ൽ അധികാരത്തിൽ വന്നാൽ നിയമം റദ്ദാക്കുമെന്ന പ്രതിപക്ഷത്തിന്റെ പ്രസ്‌താവന അധികാരത്തിൽ വരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ്. നിയമത്തെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി മുസ്ലിം വിരുദ്ധം എന്ന് വിളിച്ചതിന് ഒരു യുക്തിയുമില്ല. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ ഇസ്ലാമിക രാഷ്ട്രങ്ങളായതിനാൽ മുസ്ലീങ്ങൾക്ക് മതപരമായ അടിച്ചമർത്തൽ നേരിടില്ല.

പൗരത്വ ഭേദഗതിയും എൻ.ആർ.സിയും തമ്മിൽ ബന്ധമില്ല. അസാമിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നിയമം നടപ്പാക്കും.

പ്രത്യേക അവകാശങ്ങളുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമാണ് വ്യത്യാസം.

'അവരെ രക്ഷിക്കേണ്ടതല്ലേ"

വിഭജന സമയത്ത് പാകിസ്ഥാനിൽ 23% ഹിന്ദുക്കളുണ്ടായിരുന്നത് 3.7 ശതമാനമായി കുറഞ്ഞു. അവർ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായി. രണ്ടാംതരം പൗരന്മാരായി മാറിയ അവരെ നമ്മൾ രക്ഷിക്കേണ്ടതല്ലേ.1951-ൽ 22 ശതമാനം ഹിന്ദുക്കളുണ്ടായിരുന്ന ബംഗ്ളാദേശിൽ 2011-ൽ 10 ശതമാനമായി കുറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ 1992-ൽ 2 ലക്ഷം സിഖുകാരും ഹിന്ദുക്കളുമുണ്ടായിരുന്നു. ഇപ്പോൾ 500 പേർ മാത്രം. അവർക്ക് വിശ്വാസം അനുസരിച്ച് ജീവിക്കാൻ അവകാശമില്ലേ? അവരും നമ്മുടെ സഹോദരൻമാരാണ്.ഷിയാ, ബലൂച്, അഹമ്മദിയ മുസ്ലീങ്ങൾക്ക് ഇവിടെ പൗരത്വത്തിന് അപേക്ഷിക്കാൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. ദേശീയ സുരക്ഷയും മറ്റ് ഘടകങ്ങളും കണക്കിലെടുത്ത് സർക്കാർ തീരുമാനമെടുക്കുമെന്നും ഷാ അറിയിച്ചു.