
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തീയതികളും ഘട്ടങ്ങളും വ്യക്തമായതോടെ ദേശീയ രാഷ്ട്രീയം ഇനി പ്രചാരണച്ചൂടിലേക്ക്. എല്ലാവരുടെയും ലക്ഷ്യം വിജയം മാത്രം. മാസങ്ങൾക്കുമുമ്പേ തുടങ്ങിയ തയ്യാറെടുപ്പുകൾക്ക് ഇനി വേഗം കൂടും. നിർണായക തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വിളിച്ചോതി പതിവിൽ നിന്ന് വ്യത്യസ്‌തമായി ഭരണകക്ഷിയായ ബി.ജെ.പിയും മുഖ്യപ്രതിപക്ഷമായ കോൺഗ്രസും അടക്കം മുൻകൂട്ടി സ്ഥാനാർത്ഥി പ്രഖ്യാപനവും നടത്തി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ബാക്കിയുള്ള സ്ഥാനാർത്ഥി പട്ടികകളും പ്രകടനപത്രികകളും വരുംദിവസങ്ങളിൽ പുറത്തുവരും.
എൻ.ഡി.എ ലക്ഷ്യം 400 സീറ്റ്
കഴിഞ്ഞ തവണത്തെക്കാൾ തികഞ്ഞ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പി 370 സീറ്റും എൻ.ഡി.എ മുന്നണിക്ക് 400നു മുകളിലും ലക്ഷ്യമിട്ടാണ് കരുക്കൾ നീക്കുന്നത്. മൂന്നാം തവണയും അധികാരത്തിലേറുമെന്ന പ്രതീക്ഷയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ബി.ജെ.പിക്ക് വൻ ലക്ഷ്യങ്ങളുണ്ട്. ഏകസിവിൽ കോഡ്, ഭരണഘടനയിലെ നിർണായക ഭേദഗതികൾ തുടങ്ങിയവ സുഗമമായി ലോക്‌സഭ കടക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം അനിവാര്യം. നിയമസഭകളിലെ മികച്ച പ്രകടനത്തിലൂടെ എൻ.ഡി.എ രാജ്യസഭയിലും ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നു.
400 എന്ന കടമ്പകടക്കാൻ സംസ്ഥാനങ്ങളിൽ മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്ന് മനസിലാക്കിയാണ് കേരളത്തിലടക്കം ദക്ഷിണേന്ത്യയിൽ ബി.ജെ.പി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ന്യൂനപക്ഷ വോട്ടുബാങ്ക് നിർണായകമായ കേരളത്തിൽ ഒറ്റയ്‌ക്ക് ജയം അസാദ്ധ്യമെന്ന് മനസിലാക്കിയാണ് ക്രൈസ്‌തവ വിഭാഗങ്ങളെ ചേർത്തുനിറുത്താനുള്ള നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിക്കൊപ്പം തമിഴ്നാട്ടിലെ മണ്ഡലത്തിൽ കൂടി ജനവിധി തേടുമെന്ന അഭ്യൂഹങ്ങളും ഇതിനൊപ്പം ചേർത്തുവായിക്കണം. പുതിയ പാർലമെന്റിൽ വച്ച ചെങ്കോൽ അടക്കം തമിഴ്നാടിനെ പ്രീതിപ്പെടുത്താനാകും വിധം എല്ലാ തന്ത്രങ്ങളും നരേന്ദ്രമോദി ആവിഷ്ക്കരിച്ചിട്ടുണ്ട്.
പ്രതിപക്ഷത്തെ ഐക്യമില്ലായ്മയും മികച്ച നേതൃനിരയുടെ അഭാവവും മുതലെടുത്ത് കേന്ദ്രസർക്കാർ കഴിഞ്ഞ രണ്ട് ടേമുകളിലായി നടപ്പാക്കിയ ഭരണനേട്ടങ്ങൾ വച്ചാണ് ബി.ജെ.പി വോട്ടുതേടുന്നത്. 'ഇത്തവണ 400ന് മുകളിൽ" എന്ന മുദ്രാവാക്യത്തിനൊപ്പം 'മോദിയുടെ ഗ്യാരന്റി" ജനങ്ങൾക്ക് മുന്നിൽ അവർക്കുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഇന്ത്യയെ ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയാക്കുമെന്ന വമ്പൻ വാഗ്‌ദാനവും അതിനൊപ്പം 2047ലെ വികസിത ഭാരതമെന്ന ലക്ഷ്യവും യാഥാർത്ഥ്യമാക്കാൻ വീണ്ടും മോദി ഭരണം അനിവാര്യമെന്ന് ജനങ്ങളോട് പറയുന്നു. സ്വന്തം കുടുംബമില്ലാത്ത നരേന്ദ്രമോദി രാജ്യത്തെ ഓരോ കുടുംബത്തിന്റെയും നാഥനെന്നും വിശേഷിപ്പിക്കുന്നു.
അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠ അനുകൂല ധ്രുവീകരണത്തിനിടയാക്കുമെന്നാണ് കണക്കുകൂട്ടൽ. പൗരത്വ ഭേദഗതി നിയമം, 370-ാം വകുപ്പ് റദ്ദാക്കൽ, മുത്തലാക്ക് നിരോധനം എന്നിവ ഹിന്ദി ബെൽറ്റിൽ വോട്ടുറപ്പിക്കുമെന്നാണ് പ്രതീക്ഷ.
ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് നിയമസഭ തിരഞ്ഞെടുപ്പുകളിലെ വിജയവും പ്രതിപക്ഷത്തിനു മേൽ മാനസികമായ ആധിപത്യം നേടാൻ ബി.ജെ.പിയെ സഹായിച്ചിട്ടുണ്ട്. കോൺഗ്രസ് അടക്കം പാർട്ടികളിൽ നിന്ന് പരമാവധി നേതാക്കളെ അടർത്തിയെടുത്ത് തങ്ങളുടെ പാളയത്തിലെത്തിച്ച തന്ത്രം പ്രതിപക്ഷത്തെ തളർത്തി മേധാവിത്വം ഉറപ്പാക്കാൻ സഹായിച്ചു. അതേസമയം ഹരിയാന പോലെ തങ്ങളുടെ പാളയത്തിലെ പിഴവുകൾ നേരാംവിധം പരിഹരിക്കാനും പാർട്ടി ശ്രദ്ധിക്കുന്നു.
കരുത്ത് കാട്ടാൻ 'ഇന്ത്യ"
ബി.ജെ.പിക്കെതിരെ പോരാടാൻ പ്രതിപക്ഷ മുന്നണികൾ സംയുക്തമായി 'ഇന്ത്യ" മുന്നണി രൂപീകരിച്ചെങ്കിലും മൂപ്പിളമ തർക്കങ്ങളും വല്ല്യേട്ടൻ മനോഭാവവും പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസത്തെ ബാധിച്ചതായി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തുടക്കത്തിൽ കാണാം. ബംഗാളിലും പഞ്ചാബിലും സ്വന്തം നിലനിൽപ്പിനായി മുന്നണി വേണ്ടെന്നുവരെ വയ്ക്കുന്നത് രാജ്യം കണ്ടു. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 42 സീറ്റിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. പഞ്ചാബിൽ കോൺഗ്രസും ആംആദ്‌മി പാർട്ടിയും നേരിട്ടെതിർക്കുന്നു. കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും തമ്മിലാണ് മത്സരം. ഈ തിരിച്ചടികൾക്കിടയിലും ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, ബീഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വിട്ടുവീഴ്‌ച ചെയ്‌ത് കോൺഗ്രസ് അടക്കം കക്ഷികൾ സീറ്റ് ധാരണയായിട്ടുണ്ട്.
വജ്രായുധം തിരഞ്ഞെടുപ്പ് ബോണ്ട്
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് 'പൊട്ടിയ" തിരഞ്ഞെടുപ്പ് ബോണ്ട് ബി.ജെ.പിക്കെതിരായ പ്രതിപക്ഷത്തിന്റെ മുഖ്യ ആയുധമെന്നുറപ്പ്. ആരോപണവിധേയരും വൻ കരാറുകൾ നേടിയവരും കോടിക്കണക്കിന് തുക ബി.ജെ.പിക്ക് നൽകിയതിന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. തിരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണ് പ്രതിപക്ഷ കക്ഷികളെ വിലയ്‌ക്കെടുക്കുന്നതെന്ന ആരോപണം ആവർത്തിക്കാൻ പുതിയ വിവരങ്ങൾ സഹായിക്കും.
കേരളം പോലെ ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ സംസ്ഥാനങ്ങളിൽ പൗരത്വ ദേദഗതി നിയമം കേന്ദ്രസർക്കാരിന്റെ മുസ്ളിം വിരുദ്ധതയ്‌ക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടാനുള്ള പ്രധാന വിഷയമാകും.
കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾക്ക് പകരമായി തങ്ങൾ അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന 'ന്യായ" പ്രഖ്യാപനങ്ങളുമായാണ് കോൺഗ്രസ് പ്രചാരണം. 'മോദി" ഗ്യാരന്റിക്കെതിരെ ഉപയോഗിക്കാൻ വനിതകൾക്ക് സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്യുന്നതടക്കം അഞ്ചു ഗ്യാരന്റികൾ പാർട്ടി നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്രയും കോൺഗ്രസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. രാഹുൽ വയനാടിനൊപ്പം അമേഠിയിലും വീണ്ടും മത്സരിക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ബി.ജെ.പിക്കൊപ്പം പ്രചാരണത്തിൽ മുന്നേറുന്ന കോൺഗ്രസ് കേരളത്തിലടക്കം സ്ഥാനാർത്ഥികളുടെ രണ്ടു പട്ടികകൾ ഇറക്കി. ആദായ നികുതി വകുപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചതും പ്രമുഖ നേതാക്കളെ ബി.ജെ.പി റാഞ്ചുന്നതുമെല്ലാം കോൺഗ്രസിന് മുന്നിലെ പ്രതിസന്ധികളാണ്. അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്‌ഠ ചടങ്ങിൽ നിന്ന് വിട്ടു നിന്നത് ഉത്തരേന്ത്യയിൽ തിരിച്ചടിയാകാതിരിക്കാനും പാർട്ടി ശ്രദ്ധിക്കേണ്ടതുണ്ട്.