
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുന്നതിൽ ആശങ്കയുണ്ടെന്ന അമേരിക്കയുടെ പരാമർശം അനവസരത്തിലും അനാവശ്യവുമാണെന്ന് ഇന്ത്യ. പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. പരാമർശം ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ മൂലമാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ ആശങ്ക വേണ്ട. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനുള്ള പ്രശംസനീയമായ ഒരു സംരംഭത്തെ വോട്ട് ബാങ്ക് രാഷ്ട്രീയത്തോടെ കാണരുത്.
സി.എ.എ ഇന്ത്യയുടെ പാരമ്പര്യത്തിനും മനുഷ്യാവകാശങ്ങളോടുള്ള ദീർഘകാല പ്രതിബദ്ധതയ്ക്കും അനുസൃതമാണ്. സി.എ.എ പൗരത്വം നൽകാനുള്ളതാണ്. ഒഴിവാക്കാനുള്ളതല്ല. ഇത് രാജ്യമില്ലാത്തവരുടെ
പ്രശ്നം പരിഹരിക്കാനാണ്. മനുഷ്യരുടെ അന്തസിനെ മാനിക്കാനാണ്.അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷ പീഡനത്തിൽ നിന്ന് രക്ഷതേടി 2014 ഡിസംബർ 31-നോ മുമ്പോ ഇന്ത്യയിൽ എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ പൗരന്മാർക്ക് സുരക്ഷിത താവളം നൽകുന്ന നിയമമാണിത്.
ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യവും വിഭജനാനന്തര ചരിത്രവും അറിയാത്തവർ ഇത്തരം അഭിപ്രായങ്ങൾ പറയുന്നത് ശരിയല്ല. ഇന്ത്യയുടെ പങ്കാളികളും അഭ്യുദയകാംക്ഷികളും നല്ല ഉദ്ദേശ്യത്തെ സ്വാഗതം ചെയ്യണമെന്നും ജയ്‌സ്‌വാൾ പറഞ്ഞു.
യു.എസ് പറഞ്ഞത്:
പൗരത്വ (ഭേദഗതി) നിയമത്തിൽ ആശങ്കയുണ്ട്. നിയമം എങ്ങനെ നടപ്പാക്കുന്നു എന്ന് ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മതസ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയും എല്ലാ സമുദായങ്ങൾക്കും തുല്യ പരിഗണന നൽകുകയും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളാണ്.
മൻമോഹൻ സിംഗിനെ
ഏറ്റെടുത്ത് ബി.ജെ.പി
2003-ൽ, രാജ്യസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന മൻമോഹൻസിംഗ് പറഞ്ഞ വാക്കുകൾ പൗരത്വ നിയമത്തിൽ പ്രചാരണ വിഷയമാക്കാൻ ബി.ജെ.പി. വിഭജനത്തിന് ശേഷം, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ പീഡനം നേരിട്ടെന്നും അവർക്ക് നമ്മുടെ രാജ്യത്ത് അഭയം നൽകേണ്ടത് ധാർമ്മിക ബാധ്യതയാണെന്നും അവർക്ക് പൗരത്വം നൽകുന്നതിൽ വിശാല സമീപനം വേണമെന്നുമാണ് മൻമോഹൻ പറഞ്ഞത്.