ജൂൺ 4ന് ഫലം അറിയാം

ന്യൂഡൽഹി :ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിന് രാജ്യത്ത് കൊടിയേറി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടമായി നടത്തും. വോട്ടെണ്ണൽ ജൂൺ നാലിന്. രണ്ടാംഘട്ടത്തിൽ ഏപ്രിൽ 26നാണ് കേരളത്തിലെ വോട്ടെടുപ്പ്.

ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്,​ സിക്കിം, ഒഡിഷ നിയമസഭാ തിരഞ്ഞെടുപ്പും ഒൻപത് സംസ്ഥാനങ്ങളിലെ 26 അസംബ്ലി സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടത്തും.

ജമ്മു കാശ്മീരിൽ അഞ്ച് ഘട്ടമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ ഇല്ലെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം എത്രയും വേഗമുണ്ടാകും.

ഇന്നലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ,​ കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ,​ ഡോ.എസ്.എസ്. സന്ധു എന്നിവർ വാർത്താസമ്മേളനത്തിലാണ് ഷെഡ്യൂൾ പ്രഖ്യാപിച്ചത്. ഇന്നലെ തന്നെ പെരുമാറ്രച്ചട്ടം നിലവിൽ വന്നു. ജൂൺ 16വരെയാണ് നിലവിലെ ലോക്സഭയുടെ കാലാവധി.

22സംസ്ഥാനങ്ങളിൽ ഒറ്റഘട്ടം

കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്ര, ഗുജറാത്ത്, ഹരിയാന, ഡൽഹി തുടങ്ങി 22 സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. സംഘർഷം ഒഴിയാത്ത മണിപ്പൂരിൽ രണ്ടു മണ്ഡലങ്ങളുള്ളതിൽ ഔട്ടർ മണിപ്പൂരിൽ രണ്ട് ഘട്ടമാണ്. കർണാടകയിലും രണ്ടുഘട്ടമാണ്. മഹാരാഷ്ട്രയിൽ അഞ്ചും,​ പശ്ചിമബംഗാളിലും ഉത്തർപ്രദേശിലും ബീഹാറിലും ഏഴുഘട്ടമായാണ് വോട്ടെടുപ്പ്.

ലോക്സഭാ മണ്ഡലങ്ങൾ - 543

ജനറൽ - 412

എസ്.സി - 84

എസ്.ടി - 47

ഘട്ടം ............തീയതി.................സംസ്ഥാനങ്ങൾ.......മണ്ഡലങ്ങൾ

1 ...............ഏപ്രിൽ 19 .............................22..................102

2 ................ഏപ്രിൽ 26 ........................... 13................... 89

3...................മേയ് 7.................................. 12................... 94

4....................മേയ് 13 ................................10................... 96

5....................മേയ് 20...................................8....................49

6.....................മേയ് 25..................................7....................57

7.....................ജൂൺ1...................................8....................57

കേരളത്തിന്റെ ഷെഡ്യൂൾ

 വിജ്ഞാപനം - മാർച്ച് 28

 പത്രിക സമർപ്പിക്കൽ - ഏപ്രിൽ 4

 സൂക്ഷ്‌മ പരിശോധന - ഏപ്രിൽ 5

 പിൻവലിക്കൽ - ഏപ്രിൽ 8

 വോട്ടെടുപ്പ് - ഏപ്രിൽ 26

 വോട്ടെണ്ണൽ - ജൂൺ 4

 നടപടികൾ പൂർത്തിയാക്കൽ - ജൂൺ 6

 നിയമസഭാ തിരഞ്ഞെടുപ്പുകൾ

1. ആന്ധ്ര - മേയ് 13

2. ഒഡിഷ - നാലുഘട്ടം - മേയ് 13, 20, 25, ജൂൺ 1

3. അരുണാചൽ - ഏപ്രിൽ 19

4. സിക്കിം - ഏപ്രിൽ 19

മോദിയുടെ വാരണാസിയിൽ അവസാനം

പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയിൽ വോട്ടെടുപ്പ് അവസാനഘട്ടമായ ജൂൺ ഒന്നിനാണ്. ഇതോടെ, മോദിക്ക് മറ്രു മണ്ഡലങ്ങളിൽ ശ്രദ്ധിക്കാൻ കൂടുതൽ സമയം ലഭിക്കും. സ്വന്തം മണ്ഡലത്തിലും പ്രചാരണത്തിന് എത്താം