
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ, മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് 'ശായരി" (പ്രത്യേക ഈണത്തിൽ കവിത ആലപിക്കുന്ന രീതി) ചേർത്ത് മറുപടി പറഞ്ഞത് കൗതുകമായി. വോട്ടിംഗ് യന്ത്രത്തിന്റെ ആധികാരികതയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇ.വി.എമ്മിനെ സംശയിക്കരുതേ എന്നർത്ഥത്തിൽ രാജീവ് കുമാർ ചൊല്ലിയ കവിത സാമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. 40ൽപ്പരം ഹർജികളാണ് വോട്ടിംഗ് യന്ത്രത്തിനെതിരെ സുപ്രീംകോടതിയിലും രാജ്യത്തെ വിവിധ ഹൈക്കോടതികളിലുമായുള്ളത്. എന്നാൽ, വിമർശനത്തോടെ കോടതികൾ ആരോപണം തള്ളിക്കളഞ്ഞു. ഇ.വി.എം നൂറു ശതമാനം സുരക്ഷിതമാണ്. തിരഞ്ഞെടുപ്പ് കാലത്ത് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം വോട്ടർമാരോട് ശായരിയിലൂടെയാണ് അഭ്യർത്ഥിച്ചത്. 'ഛൂട്ട് കേ ബസാർ മേം റോനക് തോ ബഹുത് ഹേ" ( കള്ളത്തിന്റെ ചന്തയിൽ സന്തോഷം ഏറെ ലഭിക്കുമെങ്കിലും അവർക്കെതിരെ നടപടിയുണ്ടാകും) എന്നു തുടങ്ങിയ വരികളും ശ്രദ്ധിക്കപ്പെട്ടു.
അരുൺ ഗോയൽ വിശിഷ്ട അംഗമായിരുന്നു
കമ്മിഷണർ സ്ഥാനത്തു നിന്ന് അരുൺ ഗോയലിന്റെ പൊടുന്നനെയുള്ള രാജിക്ക് കാരണമെന്തെന്ന് മാദ്ധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ, ഗോയലിന്റെ വ്യക്തിപരമായ ഇടം മാനിക്കപ്പെടണമെന്ന മറുപടിയാണ് നൽകിയത്. രാജിക്ക് പിന്നിൽ വ്യക്തിപരമായ കാരണങ്ങളുണ്ടെങ്കിൽ അതിനെ മാനിക്കണം. കമ്മിഷന്റെ നാല് ചുവരിനുള്ളിൽ വിയോജിപ്പുകൾക്ക് എപ്പോഴും സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടുത്ത നടപടിയുണ്ടാകും
പെരുമാറ്രച്ചട്ടം ലംഘിക്കുന്നത് ഏത് താരപ്രചാരകനായാലും മുഖംനോക്കാതെ നടപടിയുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കുമെതിരെ പരാതി വന്നാൽ നടപടിയെടുക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം.
ഏഴു ഘട്ടം പല ഘടകങ്ങൾ
കാലാവസ്ഥ, ഉത്സവങ്ങൾ, പരീക്ഷ, സുരക്ഷാസേനകളുടെ ക്രമീകരണം തുടങ്ങി പല വിഷയങ്ങൾ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് ഏഴു ഘട്ടമാക്കി നടത്തുന്നത്. ആർക്കെങ്കിലും അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ ആരോപണങ്ങളെ തള്ളിക്കൊണ്ട് രാജീവ് കുമാർ പറഞ്ഞു. മണി പവറിനെയും നിയന്ത്രിക്കും.