
ന്യൂഡൽഹി: ലോക്‌സഭയ്‌ക്കൊപ്പം ആന്ധ്ര, ഒഡീഷ, അരുണാചൽ, സിക്കിം നിയമസഭകളും ഏപ്രിൽ 19 മുതൽ പോരാട്ടത്തിന്. ഒഡീഷ ഒഴികെ മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമാണ്. ഒഡീഷയിൽ നാലുഘട്ടം. ജമ്മുകാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല.
ഒഡീഷയിൽ നവീന് പരീക്ഷണം
ബി.ജെ.പിയും ബി.ജെ.ഡിയും ധാരണയുള്ള ഒഡീഷയിൽ കോൺഗ്രസ് ആണ് പ്രതിപക്ഷം. ലോക്‌സഭയിൽ പരമാവധി സീറ്റ് ലക്ഷ്യമിടുന്ന ബി.ജെ.ഡിയെ എൻ.ഡി.എയിൽ തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ പോരാട്ടം എൻ.ഡി.എയും കോൺഗ്രസും തമ്മിലാകും. 2000 മുതൽ അഞ്ചു ടേമായി ഭരിക്കുന്ന നവീൻ പട്‌നായിക്കിനും ബി.ജെ.ഡിക്കും കോൺഗ്രസ് വെല്ലുവിളിയാണ്. മുൻ മുഖ്യമന്ത്രി ഗിരിധർ ഗമാംഗ്, മുൻ കേന്ദ്രമന്ത്രി ശ്രീകാന്ത് ജെന, മുൻ എംപി സഞ്ജയ ഭോയ് തുടങ്ങിയ നേതാക്കളെ തിരിച്ചുകൊണ്ടുവന്ന് കോൺഗ്രസ് ഐക്യത്തിന്റെ വഴിയിലാണ്. അതാണ് 2009ൽ വിട്ടുപോയ ബി.ജെ.ഡിയെ തിരിച്ചെത്തിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതും.
അഴിമതിവിരുദ്ധനും വികസന നേതാവുമെന്ന പ്രതിച്ഛായ ഭരണവിരുദ്ധ വികാരം മറികടക്കുമെന്ന് നവീൻ പട്‌നായിക് കരുതുന്നു. 2019-ൽ 146 അംഗസഭയിൽ 112 സീറ്റുമായി ബി.ജെ.ഡി ആധിപത്യം തുടർന്നപ്പോൾ കോൺഗ്രസിന് 9 സീറ്റാണ് ലഭിച്ചത്.
ത്രികോണ പോരിൽ ആന്ധ്ര
ഭരണത്തുടർച്ചയ്ക്ക് വൈ.എസ്.ആർ കോൺഗ്രസും എൻ.ഡി.എയിൽ തിരിച്ചെത്തിയ മുൻ ഭരണകക്ഷിയായ ടി.ഡി.പിയും പ്രതാപം വീണ്ടെടുക്കാൻ കോൺഗ്രസും വമ്പൻ പോരാട്ടത്തിലാണ്. കോൺഗ്രസിനെ നയിക്കുന്നത് വൈ.എസ്.ആർ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ശർമ്മിളയും. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയെ തിരിച്ചുകൊണ്ടുവന്ന ബി.ജെ.പിക്ക് സംസ്ഥാനത്ത് വേരുറപ്പിക്കലാണ് ലക്ഷ്യം. പവൻ കല്യാണിന്റെ ജനസേനാ പാർട്ടിയുമുണ്ട് മുന്നണിയിൽ. ടി.ഡി.പി 145 സീറ്റിലും ജനസേന 24ലും ബി.ജെ.പി 6 സീറ്റിലും മത്സരിക്കുന്നു.
2019 ൽ ആകെയുള്ള 175 സീറ്റിൽ 151 സീറ്റ് നേടിയാണ് വൈ.എസ്.ആർ കോൺഗ്രസ് അധികാരത്തിലെത്തിയത്. 23 സീറ്റ് ടി.ആർ.എസിനും ഒരു സീറ്റ് ജനസേനാ പാർട്ടിക്കും ലഭിച്ചു. കോൺഗ്രസും ബി.ജെ.പിയും പൂജ്യം. ഇക്കുറി ജഗനെതിരെ ഭരണവിരുദ്ധ വികാരം മുതലാക്കാനാണ് കോൺഗ്രസും ടി.ഡി.പിയും ലക്ഷ്യമിടുന്നത്.
അരുണാചലിൽ തുടരാൻ ബി.ജെ.പി
ചൈനയോട് ചേർന്ന് കിടക്കുന്ന തന്ത്രപ്രധാനമായ അരുണാചൽ പ്രദേശിൽ 34 വർഷത്തെ കോൺഗ്രസ് ഭരണം അവസാനിപ്പിച്ചാണ് 2019ൽ പേമഖണ്ഡുവിന്റെ ബി.ജെ.പി സർക്കാർ അധികാരത്തിലേറിയത്. 2004 മുതൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി തിളങ്ങിയിരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ കോൺഗ്രസ് മുക്തമാക്കുകയെന്ന ലക്ഷ്യം അരുണാചൽ പ്രദേശിലും നടപ്പാക്കുകയായിരുന്നു ബി. ജെ. പി. മുഖ്യമന്ത്രി പേമഖണ്ഡുവിനെപ്പോലുള്ള നേതാക്കൾ കോൺഗ്രസ് വിട്ടുവന്നതാണ്.
2019 നിയമസഭാ തിരഞ്ഞെടുപ്പിൽ ബി. ജെ. പി 41 സീറ്റ് നേടി അധികാരത്തിലേറിയപ്പോൾ കോൺഗ്രസ് നാലു സീറ്റിലൊതുങ്ങി. എൻ.ഡി.എയിലേക്ക് തിരിച്ചു വന്ന ജെ.ഡിയു (7)വിനും വേരോട്ടമുണ്ട്. നാഷണൽ പ്യൂപ്പിൾസ് പാർട്ടിയാണ് മറ്റൊരു ശക്തി. ഇത്തവണ 60സീറ്റിലും ബി. ജെ. പി മത്സരിക്കുന്നുണ്ട്.
സിക്കിമിൽ പ്രാദേശിക പോരാട്ടം
കോൺഗ്രസിനെയും ബി.ജെ.പിയെയും കാഴ്‌ചക്കാരാക്കി പ്രാദേശിക കക്ഷികളുടെ പോരാട്ടം. ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയും (എസ്.കെ.എം) സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടുമാണ് (എസ്.ഡി.കെ) മുഖ്യ എതിരാളികൾ. 32 അംഗങ്ങൾ മാത്രമുള്ള നിയമസഭയിൽ പലപ്പോഴും ഭരണകക്ഷിക്ക് നേരിയ ഭൂരിപക്ഷമാണ്. 2019ൽ 17 സീറ്റുമായി എസ്.കെ.എമ്മിന്റെ പ്രേം സിംഗ് തമാംഗ് ഭരണത്തിലേറിയപ്പോൾ പ്രതിപക്ഷമായ എസ്.ഡി.കെയ്‌ക്ക് 15 സീറ്റ് ലഭിച്ചിരുന്നു. ബി.ജെ.പിയും കോൺഗ്രസും ഒരു സീറ്റും നേടിയില്ല. 2014ൽ 22 സീറ്റുമായി എസ്.ഡി.കെയാണ് ഭരിച്ചത്. 10 സീറ്റ് ലഭിച്ച എസ്.കെ.എം പ്രതിപക്ഷവും.