
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് രണ്ടു കേസുകളിൽ ഇ.ഡി സമൻസ്. ഡൽഹി ജലബോർഡ് അഴിമതിക്കേസിൽ ഇന്നും മദ്യനയക്കേസിൽ 21നും ഹാജരാകാനാണ് നിർദ്ദേശം. മദ്യനയക്കേസിൽ ഒൻപതാമത്തെ സമൻസാണിത്. കേജ്‌രിവാൾ സഹകരിക്കാത്തതിനെതിരെ ഇ.ഡി ഡൽഹി റോസ് അവന്യൂ കോടതിയെ സമീപിച്ചെങ്കിലും ഹാജരായി ജാമ്യം നേടിയിരുന്നു.
അതേസമയം ജലബോർഡ് അഴിമതിക്കേസ് വ്യാജമാണെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി പ്രതികരിച്ചു. ഇങ്ങനെയൊരു കേസിനെക്കുറിച്ച് പാർട്ടിക്ക് അറിയില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് കേജ്‌രിവാളിനെ തടയാനാണ് ശ്രമം. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയാണ് ലക്ഷ്യമെന്നും അതിഷി പറഞ്ഞു. ഇലക്ട്രോമാഗ്നറ്റിക് ഫ്ലോ മീറ്റുകൾ സ്ഥാപിക്കാൻ എൻ.കെ.ജെ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക് ഡൽഹി ജലബോർഡ് 38 കോടിയുടെ കരാർ നൽകിയതിൽ അഴിമതിയും കള്ളപ്പണ ഇടപാടും ഉണ്ടെന്നാണ് കേസ്.