
ന്യൂഡൽഹി: ഇ.ഡി കേസിൽ ആം ആദ്മി നേതാവും ഡൽഹി മുൻ ആരോഗ്യമന്ത്രിയുമായ സത്യേന്ദർ ജെയിന്റെ ഇടക്കാല ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി ഉടൻ കീഴടങ്ങാൻ ഉത്തരവിട്ടു. സ്ഥിരജാമ്യമെന്ന ആവശ്യം തള്ളിയാണ് ജസ്റ്റിസ് ബേല എം. ത്രിവേദിയും പങ്കജ് മിത്തലും അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2022 മേയിലാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്ത് 2023 മേയ് 26ന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. തീഹാർ ജയിലിലെ കുളിമുറിയിൽ തെന്നിവീണ് ചികിത്സയിലായിരുന്നു. 2023 ജൂലായ് 21ന് നട്ടെല്ലിന്റെ ശസ്ത്രക്രിയക്ക് വിധേയനായി. ഫിസിയോതെറാപ്പി ചെയ്യുകയാണെന്നും കീഴടങ്ങാൻ കൂടുതൽ സമയം നൽകണമെന്നും ഇന്നലെ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി വഴങ്ങിയില്ല. കൂട്ടുപ്രതി അങ്കുശ് ജെയിന്റെ ജാമ്യഹർജിയും തള്ളി.