
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തരവകുപ്പ് സെക്രട്ടറിമാരെയും പശ്ചിമ ബംഗാൾ ഡി.ജി.പി രാജീവ് കുമാറിനെ തിരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത പദവിയിലേക്കും അടിയന്തരമായി മാറ്റാൻ ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് നൽകി. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉത്തരവ്. ഗുജറാത്ത്, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ആഭ്യന്തരവകുപ്പ് സെക്രട്ടറിമാരെ മാറ്റാനാണ് നിർദ്ദേശം.
തിരഞ്ഞെടുപ്പുമായി ബന്ധമുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന മൂന്ന് വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെയും, സ്വന്തം ജില്ലകളിൽ ജോലി ചെയ്യുന്നവരെയും മാറ്റണമെന്നും എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകി. മിസോറാമിലെയും ഹിമാചൽ പ്രദേശിലെയും പൊതുഭരണ വകുപ്പ് സെക്രട്ടറിമാരെയും മഹാരാഷ്ട്രയിലെ ബി.എം.സി കമ്മിഷണർ അടക്കം തദ്ദേശസ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരെയും അഡിഷണൽ, ഡെപ്യൂട്ടി മുനിസിപ്പൽ കമ്മിഷണർമാരെയും മാറ്റണം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ, കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, ഡോ.എസ്.എസ്. സന്ധു എന്നിവർ ഇന്നലെ യോഗം ചേർന്ന് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി.
ബംഗാളിൽ വിവേക് സഹായിക്ക് ചുമതല
തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിന് പിന്നാലെ ബംഗാളിൽ രാജീവ് കുമാറിനെ മാറ്രി പകരം ഡി.ജി.പിയുടെ ചുമതല 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ വിവേക് സഹായിക്ക് നൽകി.
2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രി മമത ബാനർജിക്ക് കാലിന് പരിക്കേറ്റതിനെ തുടർന്ന് സുരക്ഷാവിഭാഗം ഡയറക്ടറായിരുന്ന വിവേക് സഹായിയെ കമ്മിഷൻ സസ്പെൻഡ് ചെയ്തിരുന്നു. സുരക്ഷാ വീഴ്ചയെ തുടർന്നായിരുന്നു നടപടി. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം സുരക്ഷാവിഭാഗം ഡയറക്ടറായി വിവേക് സഹായിയെ ബംഗാൾ സർക്കാർ വീണ്ടും നിയമിച്ചിരുന്നു.