
ന്യൂഡൽഹി: ബി.ജെ.പി നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്റെ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള തിരഞ്ഞടുപ്പ് വാക്‌പോരിന് തുടക്കം. 'മരണത്തിന്റെ കാവൽക്കാരൻ" അടക്കം പ്രയോഗവും കർണാടകയിലെ കോളാറിൽ 'മോഡിമാർക്കെതിരെ" നടത്തിയ പരാമർശവും രാഹുൽ ഗാന്ധിക്ക് വിനയായതും ചരിത്രം.
ഞായറാഴ്‌ച മുംബയിൽ ഭാരത് ജോഡോ ന്യായ യാത്രാ സമാപന റാലിയിലെ പ്രസംഗത്തിൽ നരേന്ദ്രമോദിയെ വിമർശിക്കാൻ ഉപയോഗിച്ച 'ശക്തി"എന്ന വാക്കിനെ ചൊല്ലിയാണ് പുതിയ പോര്.
ഹിന്ദുമതത്തിൽ ശക്തി എന്നതിന് പ്രാധാന്യമുണ്ടെന്നാണ് രാഹുൽ മുംബയിലെ റാലിയിൽ പ്രസംഗിച്ചത്. തങ്ങളുടെ പോരാട്ടം ഒരു ശക്തിക്കെതിരെയാണ്. എന്താണ് ആ ശക്തി. മോദിക്കെതിരായ പോരാട്ടം വ്യക്തിപരമല്ല. മോദി ഒരു പൊയ്‌മുഖമാണ്. ഈ രാജാവിന്റെ ആത്‌മാവ് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലാണിരിക്കുന്നത്. ഇ.ഡി, സി.ബി.ഐ, ആദായനികുതി വകുപ്പ് തുടങ്ങിയ എല്ലാ സ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ നട്ടെല്ല് കേന്ദ്രസർക്കാരിന് നൽകിയെന്നും രാഹുൽ ആരോപിച്ചിരുന്നു.
ഭാരതമാതാവിന്റെ ആരാധകനെന്ന് മോദി
'ഇന്ത്യ" മുന്നണി ‘ശക്തി" നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രകടനപത്രിക പുറത്തിറക്കിയെന്നായിരുന്നു തെലങ്കാനയിലെ റാലിയിൽ പ്രധാനനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ആ വെല്ലുവിളി താൻ ഏറ്റെടുക്കുന്നു. ജീവത്യാഗത്തിന് തയ്യാറാണ്.
ശക്തിയെ ആരാധിക്കുന്നവരും നശിപ്പിക്കുന്നവരും തമ്മിലാണ് പോരാട്ടം. തനിക്ക് എല്ലാ അമ്മമാരും പെൺമക്കളും ‘ശക്തി"യുടെ രൂപമാണ്. താൻ അവരെ ശക്തിയായി കണ്ട് ആരാധിക്കുന്നു. താൻ ഭാരതമാതാവിന്റെ ആരാധകനാണ്.
ചന്ദ്രയാൻ ഇറങ്ങിയ സ്ഥലത്തിന് ‘ശിവശക്തി" എന്നാണ് നാമകരണം ചെയ്‌തത്. ‘ശക്തി’യുടെ നാശത്തെ കുറിച്ച് ആരെങ്കിലും സംസാരിക്കാമോ എന്നും മോദി ചോദിച്ചു
മോദി എപ്പോഴും വാക്ക് വളച്ചൊടിക്കുമെന്ന് രാഹുൽ
മോദി എപ്പോഴും തന്റെ വാക്കുകൾ വളച്ചൊടിച്ച് അർത്ഥം മാറ്റാൻ ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. താൻ ആഴത്തിലുള്ള സത്യമാണ് പറഞ്ഞതെന്ന് അദ്ദേഹത്തിന് അറിയാം. താൻ സൂചിപ്പിച്ച 'ശക്തി" മതപരമല്ല, മറിച്ച് മോദിയുടെ മുഖംമൂടിക്ക് പിന്നിലുള്ള അനീതിയുടെയും അഴിമതിയുടെയും അസത്യത്തിന്റെയും ശക്തിയാണ്. സി.ബി.ഐ, ഐ.ടി, ഇ.ഡി, തിരഞ്ഞെടുപ്പ് കമ്മിഷൻ, മാദ്ധ്യമങ്ങൾ, ഇന്ത്യൻ വ്യവസായം എന്നിവ പിടിച്ചെടുത്തത് ആ ശക്തിയാണ്. അതുകൊണ്ടാണ് താൻ ശബ്ദമുയർത്തുമ്പോൾ മോദിജിയും അദ്ദേഹത്തിന്റെ നുണകളുടെ യന്ത്രവും അസ്വസ്ഥരാകുന്നതെന്നും രാഹുൽ പറഞ്ഞു.