
ന്യൂഡൽഹി: മദ്യനയക്കേസിലെ സമൻസ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ ഇ.ഡിയുടെ നിലപാട് തേടി ഡൽഹി ഹൈക്കോടതി. എന്തുകൊണ്ടാണ് ഇ.ഡിക്ക് മുന്നിൽ ഹാജരാകാത്തതെന്ന് ജസ്റ്റിസുമാരായ സുരേഷ് കുമാർ കയ്തും മനോജ് ജെയിനും അടങ്ങിയ ഡിവിഷൻ ബെഞ്ച് കേജ്‌രിവാളിനോട് ചോദിച്ചു. ഇ.ഡി അറസ്റ്റ് ചെയ്യുമെന്നും
തിരഞ്ഞെടുപ്പു കാലമാണെന്നും കേജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി മറുപടി നൽകി.
പ്രതിയാണോ സാക്ഷിയാണോ എന്ന് കേന്ദ്ര ഏജൻസി പറയുന്നില്ല. അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകിയാൽ ഹാജരാകാൻ തയ്യാറാണ്. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാമെന്നും കോടതിയെ അറിയിച്ചു.
ഹാജരായാൽ മാത്രമല്ലേ പ്രതിയാണോ, സാക്ഷിയാണോ എന്ന് അറിയാൻ കഴിയുകയുള്ളുവെന്ന് കോടതി ആരാഞ്ഞു. സാധാരണയായി ചോദ്യംചെയ്യലിന്റെ ആദ്യ ദിവസം അറസ്റ്റ് ചെയ്യാറില്ലെന്നും വ്യക്തമാക്കി. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ചോദ്യംചെയ്യലിന് വിളിച്ചുവരുത്തി ആദ്യദിവസം അറസ്റ്റ് രേഖപ്പെടുത്തിയെന്ന് അഭിഭാഷകൻ അറിയിച്ചു. ആം ആദ്മി എം.പി. സഞ്ജയ് സിംഗിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
നിലനിൽക്കില്ലെന്ന് ഇ.ഡി
കേജ്‌രിവാളിന്റെ ഹർജി നിലനിൽക്കില്ലെന്നും നോട്ടീസ് അയക്കരുതെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു നിലപാടെടുത്തു. മറുപടി സമർപ്പിക്കാൻ സമയം നൽകണമെന്നും ആവശ്യപ്പെട്ടു. ഇതോടെ, മറുപടി സമർപ്പിക്കാൻ ഇ.ഡിക്ക് രണ്ടാഴ്ച സമയം അനുവദിച്ചു. അതിൽ ആക്ഷേപം നൽകാൻ കേജ്‌രിവാളിന് ഒരാഴ്ചയും നൽകി. ഏപ്രിൽ 22ന് വിഷയം വീണ്ടും പരിഗണിക്കും. മദ്യനയക്കേസിൽ ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് കേജ്‌രിവാളിന് ഇ.ഡി ഒൻപതാമതും സമൻസ് നൽകിയത്. അതേസമയം, കേസിലെ പ്രതിയായ ഹൈദരാബാദിലെ വ്യവസായി അഭിഷേക് ബൊയിൻപള്ളിക്ക് സുപ്രീംകോടതി അഞ്ചാഴ്‌ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. അസുഖബാധിതയായ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ജാമ്യം. പാസ്പോർട്ട് വിചാരണക്കോടതിയിൽ കെട്ടിവയ്ക്കണം.