nithin-gadkari

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണസിയിലെ സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച ആകാംക്ഷ പോലെയായിരുന്നു നാഗ്പൂരിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയെ നിലനിറുത്തുമോ എന്നത്. ആദ്യ പട്ടികയ്‌ക്ക് ശേഷം സസ്‌പെൻസ് മുറുകിയെങ്കിലും നാഗ്പൂരിൽ ഗഡ്‌കരിയുടെ പേരുമായി രണ്ടാംപട്ടിക വന്നതോടെ അതിന് വിരാമമായി. 2014 മുതൽ നാഗ്‌പൂർ എം.പിയായ ഗ‌ഡ്‌കരി ഹാട്രിക് ജയം തേടിയാണ് ഇക്കുറി ഇറങ്ങുന്നത്.

മഹാരാഷ്‌ട്രയുടെ ശൈത്യകാല തലസ്ഥാനമായ നാഗ്‌പൂരിന് ഓറഞ്ച് നഗരമെന്ന വിശേഷണമുണ്ട്. എന്നാൽ ദേശീയ രാഷ്‌ട്രീയത്തിൽ നാഗ്പൂരിന്റെ പ്രാധാന്യം രാഷ്‌ട്രീയ സ്വയം സേവക് സംഘുമായി (ആർ.എസ്.എസ്) ബന്ധപ്പെട്ടതാണ്. 1925ൽ സംഘടന സ്ഥാപിക്കപ്പെട്ടതും ഇപ്പോൾ ആസ്ഥാനം സ്ഥിതി ചെയ്യുന്നതും നാഗ്‌പൂരിലാണ്. മഹാരാഷ്‌ട്രയിലെ സംഘ പശ്ചാത്തലമുള്ള നേതാക്കൾക്ക് നാഗ്‌പൂരിലെ ആർ.എസ്.എസ് ആസ്ഥാനവുമായി വലിയ ബന്ധമുണ്ട്.

എ.ബി.വി.പിയിലൂടെ രാഷ്‌ട്രീയത്തിലെത്തി മഹാരാഷ്‌ട്ര ബി.ജെ.പിയിലൂടെ വളർന്ന് ദേശീയ തലത്തിലെത്തിയ നിതിൻ ഗഡ്‌കരി ആർ.എസ്.എസ് നേതൃത്വത്തിന്റെ പിന്തുണയുള്ള നേതാവാണ്. രാജ്യത്തിന് മാതൃകയായ മുംബയ്- പൂനെ എക്‌സ്‌പ്രസ് ഹൈവേ അടക്കം യാഥാർത്ഥ്യമാക്കി വികസന നായകൻ ഇമേജും അദ്ദേഹത്തിനുണ്ട്. പാർട്ടി പ്രതിസന്ധി നേരിട്ട 2009ൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷ പദവിയിലെത്തിയതും ആർ.എസ്.എസ് നേതൃത്വത്തിന്റെ പിന്തുണയിലാണ്.

നേതൃത്വത്തിനെതിരായ തുറന്നു പറച്ചിലുകൾ സ്ഥാനാർത്ഥിത്വം നഷ്‌ടപ്പെടുത്തുമെന്ന അഭ്യൂഹങ്ങളാണ് രണ്ടാം പട്ടികയോടെ ഇല്ലാതായത്. ഇക്കുറി തനിക്കുവേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്നും ലഭിക്കേണ്ട വോട്ടുകൾ ലഭിക്കുമെന്നും ഗഡ്‌കരി പറഞ്ഞിരുന്നു. ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കില്ലെന്നും പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ നേതൃത്വത്തിന്റെ നിലപാടും പ്രധാനമാണ്.

നാഗ്‌പൂർ പ്രധാനമാണെങ്കിലും മണ്ഡലത്തിലെ ബി.ജെ.പിയുടെ ചരിത്രം അത്ര നല്ലതല്ല. 1996ൽ ബൻവാരിലാൽ പുരോഹിത് മാത്രമാണ് ഗഡ്‌കരിക്കുമുമ്പ് ലോക്‌സഭയിലേക്ക് ജയിച്ചത്. 1952 മുതൽ മേധാവിത്വം പുലർത്തിയത് കോൺഗ്രസാണ്. 1998 മുതൽ മണ്ഡലം നിലനിറുത്തിയിരുന്ന കോൺഗ്രസിന്റെ വിലാസ് മുത്തേംവാറിനെ വീഴ്‌ത്തിയായിരുന്നു 2014ൽ ഗഡ്‌കരിയുടെ വരവ്. 2019ൽ തോൽപ്പിച്ചത് കോൺഗ്രസിന്റെ നാനാ പടോളിനെ. അഞ്ചുവർഷം കൊണ്ട് ഭൂരിപക്ഷവും വോട്ട് ശതമാനവും വർദ്ധിപ്പിച്ച ഗഡ്‌കരിയെക്കാൾ യോജിച്ച മറ്റൊരാൾ നാഗ്‌‌പൂരിൽ മത്സരിക്കാനില്ലെന്ന് നേതൃത്വവും വിലയിരുത്തി. കേരളത്തിലെ റോഡ് വികസന കാര്യങ്ങളിൽ താത്പര്യം പുലർത്തുന്ന കേന്ദ്രമന്ത്രിയെന്ന നിലയിൽ എൽ.ഡി.എഫ് സർക്കാരിനും പ്രിയങ്കരനാണ് ഗഡ്കരി.

മണ്ഡലത്തിൽ 69.46ശതമാനവും ഹിന്ദുക്കളാണ്. കൂടാതെ 15.57 ശതമാനം ബുദ്ധമതക്കാരും 11.95 ശതമാനം മുസ്ളിങ്ങളുമുണ്ട്.

2019ലെ ഫലം

നിതിൻ ഗഡ്‌കരി (ബി.ജെ.പി): 6,60, 221(55.67%)

നാനാ പടോൾ (കോൺഗ്രസ്): 4,44,212(37.45%)

മുഹമ്മദ് ജമാൽ (ബി.എസ്.പി): 31,725(2.67%)