supreme-court

ന്യൂഡൽഹി: തിരഞ്ഞെടുപ്പു കമ്മിഷണർമാരുടെ നിയമനത്തിൽ രാഷ്ട്രീയ വിവാദമുണ്ടാക്കാനാണ് ശ്രമമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർമാരെയും തിരഞ്ഞെടുപ്പു കമ്മിഷണർമാരെയും നിയമിക്കുന്ന സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രസർക്കാർ നിയമ ഭേദഗതി കൊണ്ടുവന്നതിനെതിരെ സമർപ്പിച്ച ഹർജിയെ എതിർത്താണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.

കോൺഗ്രസ് നേതാവ് ഡോ. ജയ താക്കൂർ, സന്നദ്ധസംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവർ സമർപ്പിച്ച പൊതുതാത്പര്യ ഹർജികൾ ഇന്ന് പരിഗണിക്കാനിരിക്കെയാണ് വിശദീകരണം. കമ്മിഷണർമാരെ തിടുക്കപ്പെട്ട് നിയമിച്ചെന്ന ആരോപണം കേന്ദ്രം നിഷേധിച്ചു. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർക്ക് മാത്രമായി നിർവഹിക്കാനാവില്ല. അതിനാലാണ് കമ്മിഷണർമാരുടെ രണ്ടുഒഴിവുകളും നികത്തിയത്. കമ്മിഷണർമാരുടെ യോഗ്യതയിൽ ആർക്കും പരാതിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരി 14ന് വിരമിച്ചതും അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജിയുമാണ് ഒഴിവുകൾ വരാൻ കാരണം.

നിലവിൽ പ്രധാനമന്ത്രി,​ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ്, പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന കേന്ദ്രമന്ത്രി എന്നിവരാണ് സെലക്ഷൻ കമ്മിറ്റിയിലുള്ളത്.