
ന്യൂഡൽഹി: ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കേണ്ട തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം തുടങ്ങി. ബിഹാറിൽ മാർച്ച് 28നും മറ്റിടങ്ങളിൽ മാർച്ച് 27നുമാണ് പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി. വോട്ടെണ്ണൽ ജൂൺ നാലിന്. 60 അംഗ അരുണാചൽ പ്രദേശ് നിയമസഭയിലേക്കും 32 അംഗ സിക്കിം നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പും ഏപ്രിൽ 19നാണ്. അതിലേക്കുള്ള പത്രികകളും സ്വീകരിച്ചുതുടങ്ങി. ബീഹാറിൽ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മാർച്ച് 30നും മറ്റിടങ്ങളിൽ മാർച്ച് 28നും നടക്കും. ബിഹാറിൽ ഏപ്രിൽ രണ്ടുവരെ പത്രിക പിൻവലിക്കാം. മറ്റിടങ്ങളിൽ മാർച്ച് 30വരെ.
ഏപ്രിൽ 19ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും സീറ്റുകളും
തമിഴ്‌നാട്(39), രാജസ്ഥാൻ(12), ഉത്തർപ്രദേശ്(8), മധ്യപ്രദേശ്(6) ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര(5 വീതം), ബിഹാർ(4), പശ്ചിമ ബംഗാൾ(3), അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ(2 വീതം)ഛത്തീസ്ഗഡ്, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര, ജമ്മു കശ്മീർ, ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ(ഒരു സീറ്റ് വീതം).