
ന്യൂഡൽഹി: വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സിം കാർഡുകൾ എടുക്കുന്നതിൽ കർശന നടപടിയുമായി ടെലികോം മന്ത്രാലയം. ഇത്തരത്തിലുള്ള 21 ലക്ഷം സിം കാർഡുകൾ ഉടൻ റദ്ദാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സംശയകരമായ സിം കാർഡ് ഉടമകളുടെ പട്ടിക അടക്കമുള്ള വിവരങ്ങൾ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾക്ക് നൽകിയിട്ടുണ്ട്.
നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലൂടെ രാജ്യത്തെ 114 കോടി കണക്ഷനുകളിൽ 21 ലക്ഷം എണ്ണം സിമ്മുകളും വ്യാജമാണെന്ന് കണ്ടെത്തി. ഒരാൾക്ക് പരമാവധി ഒമ്പത് സിം കാർഡ് എന്ന പരിധി ലംഘിച്ചും ചില കമ്പനികൾ കണക്ഷനുകൾ നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾ
സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിക്കുമെന്നും വ്യാജമെന്നു കണ്ടാൽ ഉടൻ കണക്ഷൻ വിച്ഛേദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ
വ്യാജ രേഖകൾ ഉപയോഗിച്ച് എടുത്ത സിം കാർഡുകളിൽ ഭൂരിഭാഗവും സൈബർ കുറ്റകൃത്യങ്ങൾക്കോ ഓൺലൈൻ തട്ടിപ്പുകൾക്കോ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് അടിയന്തര നടപടി. 'സഞ്ചാർ സാഥി" പോർട്ടലിലൂടെ ഉപഭോക്താക്കൾക്ക് സിം നിയമാനുസൃതമാണോ എന്ന് പരിശോധിക്കാം. നിലവിലെ നടപടി തുടക്കമാണെന്ന് അധികൃതർ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന സിമ്മുകൾ ബ്ലോക്ക് ചെയ്യാനും ആ സിമ്മുകൾ ഉപയോഗിക്കുന്ന ഹാൻഡ്‌സെറ്റുകൾ നിർജ്ജീവമാക്കാനും ഉടൻ നടപടിയുണ്ടാകും.