prathibha-singh

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ തന്റെ സിറ്റിംഗ് മണ്ഡലമായ മാണ്ഡിയിൽ മത്സരിക്കാനില്ലെന്ന് പി.സി.സി അദ്ധ്യക്ഷ കൂടിയായ പ്രതിഭാസിംഗ്. മണ്ഡലത്തിൽ അനുകൂല സാഹചര്യമല്ലെന്നും ക്രോസ് വോട്ടു ചെയ്‌ത എം.എൽ.എമാരുടെ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് ന്യായം. രാജ്യസഭാ തിരഞ്ഞെടുപ്പിലെ ക്രോസിംഗ് വോട്ടോടെ മറനീക്കി പുറത്തുവന്ന വിഭാഗീയത പരിഹരിക്കപ്പെട്ടില്ലെന്ന് ഇതോടെ വ്യക്തമായി.

സംസ്ഥാനത്ത് നടന്ന പര്യടനത്തിൽ പാർട്ടി സംവിധാനം സജീവമല്ലെന്ന് കണ്ടെത്തിയെന്ന് പ്രതിഭ പറഞ്ഞു.

ഈ സാഹചര്യത്തിൽ വിജയം പ്രയാസമാണ്. എം.പി ഫണ്ട് വിതരണം ചെയ്തതുകൊണ്ട് മാത്രം തിരഞ്ഞെടുപ്പ് വിജയിക്കാനാവില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ജയിപ്പിച്ച പ്രവർത്തകർക്ക് ഉത്തരവാദിത്വം നൽകിയിരുന്നെങ്കിൽ കളത്തിൽ സജീവമായേനെ.

ക്രോസ് വോട്ടു ചെയ്‌തതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട ആറ് എം.എൽ.എമാരുടെ രൂപത്തിൽ പുതിയ വെല്ലുവിളിയുണ്ട്. ആറ് സീറ്റുകളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. അവിടെ ശ്രദ്ധ കേന്ദ്രീകരിക്കാനുംകൂടിയാണ് മാണ്ഡിയിൽ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്.

മാണ്ഡിയിൽ കോൺഗ്രസിന്റെ അവസ്ഥ നല്ലതല്ല. അതേസമയം ബി.ജെ.പി മികച്ച പ്രവർത്തനം കാഴ്ചവയ്‌ക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

പുറത്താക്കപ്പെട്ട ആറ് എം.എൽ.എമാർ പ്രതിഭാ സിംഗിന്റെ അനുയായികളായിരുന്നു. അവർക്കെതിരായ നടപടിയിലുള്ള പ്രതിഷേധം കൂടിയാണ് വിട്ടു നിൽക്കൽ. തന്നെ തഴഞ്ഞ് സുഖ്‌വിന്ദർസിംഗ് സുഖുവിനെ മുഖ്യമന്ത്രിയാക്കിയതിലുള്ള ഇഷ്‌ടക്കേടാണ് സംസ്ഥാന കോൺഗ്രസിൽ വിഭാഗീയതയ്‌ക്ക് വഴി തെളിച്ചത്.