rahul-gandhi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ 'ശക്തി' പരാമർശം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. മുംബയിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന റാലിയിലായിരുന്നു പരാമർശം. സുപ്രീംകോടതി അടക്കം ക്ളീൻഷീറ്റ് നൽകിയ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തോട് അവിശ്വാസം പ്രകടിപ്പിക്കുന്ന പ്രസ്‌താവന നടത്തിയെന്നും ആരോപണമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രാഹുലിനെതിരെ ബി.ജെ.പി നൽകുന്ന ആദ്യ പരാതിയാണിത്.

ഹിന്ദുക്കൾ വ്യാപകമായി ആരാധിക്കുന്ന ദുർഗാ ദേവിയാണ് ശക്തിയുടെ പ്രതീകമെന്നും മറ്റു ചില സമുദായങ്ങളെ പ്രീണിപ്പിക്കാനും ശത്രുതയുണ്ടാക്കാനും ലക്ഷ്യമിട്ടാണ് രാഹുൽ അങ്ങനെ പ്രസ‌്താവന നടത്തിയതെന്നും പരാതിയിൽ പറയുന്നു. പ്രസ്‌താവന പിൻവലിച്ച് മാപ്പു പറയാനും പ്രസംഗത്തിന്റെ വീഡിയോ എക്‌സ് പ്ളാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യാനും നിർദ്ദേശിക്കണമെന്നും ആവശ്യമുണ്ട്. എക്‌സിലെ കോൺഗ്രസിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യണമെന്നും ബി.ജെ.പി ആവശ്യപ്പെടുന്നു. തങ്ങളുടെ പോരാട്ടം മുഖം മൂടി ധരിച്ച മോദിക്കെതിരെ അല്ലെന്നും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ശക്തിക്കെതിരെ ആണെന്നും രാഹുൽ പറഞ്ഞിരുന്നു.