pic

ന്യൂഡൽഹി: എല്ലാ അനധികൃത കുടിയേറ്രക്കാരെയും കണ്ണുംപൂട്ടി അഭയാർത്ഥികളായി അംഗീകരിക്കാനാകില്ലെന്ന് റോഹിൻഗ്യ കേസിൽ കേന്ദ്രം. പ്രത്യേകിച്ചും വലിയ തോതിൽ രാജ്യത്തേക്ക് നിയമവിരുദ്ധമായി കുടിയേറിയവരുടെ കാര്യത്തിൽ. തടങ്കൽ കേന്ദ്രങ്ങളിൽ അടക്കം പാർപ്പിച്ചിരിക്കുന്ന റോഹിൻഗ്യൻ അഭയാർത്ഥികളെ മോചിപ്പിക്കണമെന്ന പൊതുതാത്പര്യഹർജിയിലാണ് സുപ്രീംകോടതിയിൽ നിലപാടറിയിച്ചത്. റോഹിൻഗ്യകൾ നിയമവിരുദ്ധ അഭയാർത്ഥികളാണെന്ന നിലപാട് കേന്ദ്രം ആവർത്തിച്ചു. സ്ഥിരതാമസത്തിന് ഉൾപ്പെടെ പൗരന്മാർക്ക് ലഭിക്കുന്ന മൗലികാവകാശങ്ങൾ ലഭിക്കില്ല. ദേശീയ സുരക്ഷയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ് റോഹിൻഗ്യകളുടെ നിയമവിരുദ്ധ കുടിയേറ്റമെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിനാണ് മുൻഗണന ലഭിക്കേണ്ടത്. അനധികൃത കുടിയേറ്റം നയപരമായ വിഷയമാണ്. അനധികൃത കുടിയേറ്രക്കാരെ രാജ്യത്ത് നിന്ന് ഒഴിപ്പിക്കാൻ നിയമപ്രകാരം ഉത്തരവാദിത്തമുണ്ടെന്നും കൂട്ടിച്ചേർത്തു.