
ന്യൂഡൽഹി : ഗ്യാനേഷ് കുമാർ, ഡോ.എസ്.എസ്. സന്ധു എന്നിവരെ തിരഞ്ഞെടുപ്പു കമ്മിഷണർമാരായി നിയമിച്ച കേന്ദ്രസർക്കാർ നടപടിയിൽ ഇടപെടാതെ സുപ്രീകോടതി. നിയമനങ്ങളും, സെലക്‌ഷൻ കമ്മിറ്റിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നിയമഭേദഗതിയും സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് തള്ളി.
പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. ഇപ്പോൾ കോടതി ഇടപെട്ടാൽ അരാജകത്വവും, അനിശ്ചിതത്വവും ആയിരിക്കും ഫലം. കമ്മിഷണർ നിയമനം സംബന്ധിച്ച നിയമം പാർലമെന്റ് പാസാക്കി. നിയമിക്കപ്പെട്ടവരെ കുറിച്ച് ആരോപണങ്ങളില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തിയുള്ള സമിതി പുതിയ കമ്മിഷണർമാരെ നിയമിക്കണമെന്ന് ഉത്തരവിടാൻ പ്രഥമദൃഷ്ട്യാ കഴിയില്ല. എന്നാൽ, നിയമത്തിന്റെ സാധുത പരിശോധിക്കാൻ തടസമില്ലെന്നും കോടതി വ്യക്തമാക്കി.
സ്വതന്ത്രസ്വഭാവം നഷ്ടപ്പെടുമെന്ന് വാദം
പുതിയ നിയമപ്രകാരം പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ്, പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന കേന്ദ്രമന്ത്രി എന്നിവരടങ്ങിയ സെലക്‌ഷൻ കമ്മിറ്റിക്കാണ് കമ്മിഷൻ അംഗങ്ങളെ തിരഞ്ഞെടുക്കാൻ അധികാരം. സമിതിയിൽ ചീഫ് ജസ്റ്റിസിനെ കൂടി നിർദ്ദേശിച്ച സുപ്രീംകോടതി വിധി പാലിക്കപ്പെടണമെന്ന് ഹർജികളിൽ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവ് ഡോ. ജയ താക്കൂർ, സന്നദ്ധസംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരാണ് ഹർജിക്കാർ.
ധൃതി കാട്ടിയെന്ന് വിമർശനം
കമ്മിഷണർമാരുടെ നിയമനത്തിന് കേന്ദ്രസർക്കാർ ധൃതി കാട്ടിയെന്ന് കോടതി കുറ്റപ്പെടുത്തി. കോടതിയുടെ മുന്നിലുള്ള വിഷയത്തിൽ രണ്ടോ മൂന്നോ ദിവസം നിയമന നടപടികൾ മാറ്റിവയ്ക്കാമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവിന് പരിശോധനയ്ക്ക് സമയം നൽകാത്തതിനെയും വിമർശിച്ചു. ഉന്നതസമിതി യോഗത്തിന്റെ തലേദിവസം 212 പേരുടെ പട്ടിക നൽകിയെന്നും, മീറ്രിംഗിന് പത്തു മിനിട്ട് മുൻപ് മാത്രമാണ് ആറ് പേരുകൾ കൈമാറിയതെന്നും പ്രതിപക്ഷനേതാവ് അധിർ രഞ്ജൻ ചൗധരി വെളിപ്പെടുത്തിയിരുന്നു.
നിയമന പ്രക്രിയയിൽ ധൃതി പാടില്ല
ഷോർട്ട് ലിസ്റ്റിലുള്ളവരുടെ യോഗ്യത പരിശോധിക്കാൻ പ്രതിപക്ഷ നേതാവിന് സമയം നൽകാത്തത് എന്തുകൊണ്ടാണ് ?
200ൽപ്പരം പേരുടെ പട്ടിക രണ്ടുമണിക്കൂറിനകം പരിശോധിക്കണമെന്നാണോ ?
നീതി നടപ്പാക്കിയാൽ പോരാ, നീതിയാണ് നടപ്പായതെന്ന് ബോദ്ധ്യപ്പെടണം
നടപടികളിൽ സുതാര്യത വേണമായിരുന്നു